കുവൈറ്റ് പ്രവാസികൾക്കുള്ള ആരോ​ഗ്യ ഇൻഷുറസിന്റെ പ്രീമിയം തുക വർധിപ്പിച്ചേക്കും

  • 11/09/2023


കുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള ആരോ​ഗ്യ ഇൻഷുറസിന്റെ പ്രീമിയം തുക വർധിപ്പിക്കണെന്ന് ആവശ്യം ഉയർത്തി ധമൻ ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി. 130 ദിനാറാണ് പ്രവാസികൾ വാർഷിക ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി മാറ്റമില്ലാത്ത അവസ്ഥ കണക്കിലെടുക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. എന്നാൽ, ഇക്കാലയളവിൽ ആരോഗ്യ മന്ത്രാലയം പ്രവാസികൾക്കുള്ള ഫീസ് ആവർത്തിച്ച് വർധിപ്പിക്കുകയും പരിരക്ഷയില്ലാത്ത മരുന്നുകളുടെ പട്ടിക വിപുലീകരിക്കുകയും ചെയ്തിരുന്നു.

ചെലവ് നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാ​ഗമായി സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് വാർഷിക പ്രീമിയത്തിൽ ന്യായമായ വർധനവ് വരുത്താൻ കമ്പനി പരിഗണിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ വില 130 ദിനാറായി രണ്ട് വർഷത്തേക്ക് നിലനിർത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ‌‌

ഇതിന് ശേഷം 150 ദിനാറിലേക്ക് വർധിപ്പിക്കും. പ്രീമിയം ഓരോ രണ്ട് വർഷം കൂടുമ്പോഴും ഉയർത്തുകയും പത്താം വർഷമാകുമ്പോൾ 190 ദിനാറിലെത്തുന്ന തരത്തിലാണ് ആലോചനകളെന്ന് കമ്പനി പ്രതിനിധി ഖാലിദ് അൽ തമാർ പറഞ്ഞു. പണപ്പെരുപ്പം 6 ശതമാനത്തിൽ കൂടുതലാണെങ്കിൽ ഔദ്യോഗിക അംഗീകാരത്തിന്റെ ആവശ്യകത മറികടന്ന്, ഫീസ് ഉയർത്താനുള്ള അവകാശം കമ്പനിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News