ട്രാഫിക്ക് നിയമലംഘനങ്ങൾ; 18,000-ലധികം പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്തി

  • 12/09/2023


കുവൈത്ത് സിറ്റി: ഗതാഗതം ഉൾപ്പെടെയുള്ള പ്രവാസികളുടെ വിവിധ നിയമലംഘനങ്ങൾ തടയുന്നതിന് ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റുകളിലും ശക്തമായ സുരക്ഷാ ക്യാമ്പയിനുകൾ തുടരുന്നു. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 18,000-ലധികം പ്രവാസികളെയാണ് ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും മറ്റ് കാരണങ്ങളാലും രാജ്യത്ത് നിന്ന് നാടുകടത്തിയത്. 2023ന്റെ തുടക്കം മുതൽ എട്ട് മാസത്തിനുള്ളിൽ രേഖപ്പെടുത്തിയ മൊത്തം ട്രാഫിക് ലംഘനങ്ങളുടെ എണ്ണം 2.6 മില്യൺ കവിഞ്ഞു.

അമിതവേഗത, ട്രാഫിക്ക് സിം​ഗ്നൽ തെറ്റിച്ച് വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനമോടിക്കുക തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിനാണ് 18,486 പ്രവാസികളെ ആറുമാസത്തിനുള്ളിൽ നാടുകടത്തിയതെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ നവാഫ് അൽ ഹയ്യാൻ വ്യക്തമാക്കി. ഗതാഗതം നിയന്ത്രിക്കുന്നതിന് എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ സേനയെ വിന്യസിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News