വൈദ്യുതി, ജല മന്ത്രാലയത്തിന് ലഭിക്കാനുള്ള കുടിശ്ശിക ഏകദേശം 808 മില്യൺ കുവൈറ്റി ദിനാർ

  • 21/09/2023


കുവൈത്ത് സിറ്റി: വിവിധ സേവനങ്ങൾ നൽകിയതിന്റെ ഭാ​ഗമായി വൈദ്യുതി, ജല മന്ത്രാലയത്തിന് ലഭിക്കാനുള്ള കുടിശ്ശിക ഏകദേശം 808 മില്യൺ ദിനാർ ആണെന്ന് കണക്കുകൾ. പല സർക്കാർ ഏജൻസികളും കുടിശ്ശിക തിരിച്ച് അടയ്ക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കുടിശ്ശിക പിരിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും നോക്കിയിട്ടും അതൊന്നും വിജയിക്കാത്ത അവസ്ഥയിലാണ് മന്ത്രാലയം. കുടിശ്ശിക അടയ്ക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളെ നിരന്തരം ബന്ധപ്പെട്ടു.

ഇക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കാൻ ധനമന്ത്രാലയത്തിനും മന്ത്രിസഭാ സമിതിക്കും വിഷയം സമർപ്പിച്ചതായും വൃത്തങ്ങൾ വിശദീകരിച്ചു. അതേസമയം, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ 2022-2023 സാമ്പത്തിക വർഷത്തിലെ ഏറ്റവും പുതിയ റിപ്പോർട്ടിൽ സർക്കാർ ഏജൻസികൾക്കുള്ള മൊത്തം കടബാധ്യത 470 മില്യൺ ദിനാർ ആണെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 209 മില്യൺ ദിനാറിന്റെ ബാധ്യത വന്നു. കൂടാതെ മുൻ വർഷങ്ങളിൽ നിന്നുള്ള 261 മില്യൺ ദിനാറും കുടിശ്ശികയായി നിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related News