ഒരാഴ്ച നീണ്ട പരിശോധന; കുവൈത്തിൽ അറസ്റ്റിലായത് 215 പേർ

  • 24/09/2023


കുവൈത്ത് സിറ്റി: ട്രാഫിക്ക്, സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി കര്‍ശന പരിശോധന. സെപ്റ്റംബര്‍ 16 മുതൽ 23 വരെ നടന്ന സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി 215 പേരാണ് അറസ്റ്റിലായത്. 27,457 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇതേ കാലയളവിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത 13 പേരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വാണ്ടഡ് ലിസ്റ്റിലുള്ള 92 വാഹനങ്ങളാണ് പിടിച്ചെടുത്തത്. 

45 പേരെ മുൻകരുതല്‍ എന്ന നിലയില്‍ കസ്റ്റഡിയിലെടുത്തു. 24,054 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, 114 വാഹനങ്ങൾ കണ്ടുകെട്ടുകയും 22 മോട്ടോർ സൈക്കിളുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗാരേജിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മൂന്ന് പേരെ ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്ക് റഫർ ചെയ്തു. റെസിഡൻസി നിയമങ്ങള്‍ ലംഘിച്ച 18 പേരാണ് പിടിയിലായിട്ടുള്ളത്. ആവശ്യമായ രേഖകള്‍ കൈവശമില്ലാത്ത ഒമ്പത് പേരും അറസ്റ്റിലായി. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News