സോഷ്യൽ മീഡിയ ഉഫയോഗിച്ച് വ്യാജ ടിക്കറ്റ് വിൽപ്പന ; പ്രവാസി അറസ്റ്റിൽ

  • 20/10/2023



കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വാണിജ്യ അക്കൗണ്ടുകൾ വഴി വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയ അറബ് പ്രവാസി അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിന്‍റെ, പ്രത്യേകിച്ചും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റിന്‍റെ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മൊബൈൽ ഫോൺ നമ്പർ കരാറുകളിൽ കൃത്രിമം കാണിക്കുകയും തെറ്റായ പേരുകളിൽ രജിസ്റ്റർ ചെയ്യുന്നതും ഉൾപ്പെടെയുള്ള ഓണ്‍ലൈൻ തട്ടിപ്പുകളാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തിരുന്നത്.

വ്യാജ വാണിജ്യ അക്കൗണ്ടുകൾ വഴി പ്രവർത്തിക്കുന്ന വാട്ട്‌സ്ആപ്പ് വഴി തട്ടിപ്പ് നടത്തിയിരുന്നത്. സംഗീത കോണ്‍സേര്‍ട്ടുകളുടെ ടിക്കറ്റുകള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞു പറ്റിച്ച്  ബാങ്ക് ലിങ്കുകൾ അയച്ചുകൊടുക്കുകയും പിന്നീട് പണം തട്ടുകയുമാണ് ഇവര്‍ ചെയ്തിരുന്നത്. നിരവധി വ്യക്തികളെ ഇത്തരത്തില്‍ കബളിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയത്.  75-ലധികം മൊബൈൽ ഫോൺ ലൈനുകളും വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങളും അധികൃതർ കണ്ടെത്തി.

Related News