കുവൈത്തിൽനിന്ന് ഗാസയിലേക്കുള്ള രണ്ടാമത്തെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു

  • 25/10/2023


കുവൈത്ത് സിറ്റി: ഗാസയിലേക്കുള്ള രണ്ടാമത്തെ ദുരിതാശ്വാസ വിമാനം പത്ത് ടൺ സാമഗ്രികളുമായി ചൊവ്വാഴ്ച കുവൈത്തിൽ നിന്ന് പുറപ്പെട്ടു. കുവൈത്ത് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷനും (ഐഐസിഒ) അൽ സലാം ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റിയും തമ്മിലുള്ള സഹകരണത്തോടെയാണ് ദുരിതാശ്വാസ സഹായം സാധ്യമായത്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഒരു എയർ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് ഉദ്യോഗസ്ഥരും സിവിലിയൻ ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അൽ ജാബർ അൽ സബാഹ് പറഞ്ഞു.

ഗാസയിൽ ദുരിതം അനുഭവിക്കുന്ന പലസ്തീനികളെ സഹായിക്കാനുള്ള കുവൈത്തിന്റെ മാനുഷിക പ്രവർത്തനങ്ങളെ കുറിച്ച് ക്യാബിനറ്റ് യോഗത്തിൽ മന്ത്രി വിശദീകരിക്കുകയായിരുന്നു. ഗാസയിലേക്ക് എയർ ബ്രിഡ്ജ് വഴി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ഷെയ്ഖ് സലേം അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Related News