അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹം പാടില്ല, ഉത്തരവിട്ട് അസ്സം സര്‍ക്കാര്‍

  • 27/10/2023

സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹം ചെയ്യാൻ പാടില്ലെന്ന് ഉത്തരവിട്ട് അസ്സം സര്‍ക്കാര്‍. വ്യക്തിനിയമങ്ങള്‍ അനുവദിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ആദ്യഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ രണ്ടാം വിവാഹം കഴിക്കാൻ സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണെന്ന് അലം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.

ചില സമുദായങ്ങള്‍ രണ്ടാം വിവാഹത്തിന് അനുവദിക്കുന്നുണ്ട്, എന്നാല്‍ സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ മരണശേഷം ഭര്‍ത്താവിന്റെ പെൻഷനുവേണ്ടി ഭാര്യമാര്‍ വഴക്കിടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ആദ്യഭാര്യ ജീവിച്ചിരിക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി തേടണമെന്ന നിയമം വര്‍ഷങ്ങളായി നിലവിലുണ്ട്. അത് കര്‍ശനമായി നടപ്പാക്കുകയാണെന്നും ഹിമന്ത പറഞ്ഞു. ഒക്‌ടോബര്‍ 20 നാണ് ഇത് സംബന്ധിച്ച ഉത്തരവ് ജീവനക്കാര്‍ക്ക് അസ്സം സര്‍ക്കാര്‍ നല്‍കുന്നത്. 

സര്‍ക്കാര്‍ ജീവനക്കാരനെ പോലെ തന്നെ വനിതാ ജീവനക്കാരിക്കും ഈ നിയമം ബാധകമാണ്. ആദ്യ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ വീണ്ടും വിവാഹം കഴിക്കാൻ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കണമെന്ന് അസ്സം സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ഈ വര്‍ഷം ആദ്യം ശര്‍മ്മ പറഞ്ഞിരുന്നു.

Related News