വയോധികര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി; 35ലക്ഷം രുപയും ഒന്നരക്കോടിയുടെ ആഭരണങ്ങളും കവര്‍ന്നു; ഉടമയുടെ കാറുമായി കടന്ന് വീട്ടുജോലിക്കാര്‍

  • 29/10/2023

പുതുതായി വീട്ടുജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് വയോധികരായ ദമ്ബതികളെ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം 35 ലക്ഷം രൂപയും ഒന്നരക്കോടി രൂപയോളം വിലവരുന്ന സ്വര്‍ണവും കാറും കവര്‍ന്നു. മകന്‍ പുറത്തുപോയ ശേഷം വൃദ്ധ ദമ്ബതികള്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ഇരുവരും മറ്റ് രണ്ട് കുട്ടാളികളുടെ സഹായത്തോടെ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നേപ്പാള്‍ സ്വദേശികളായ വീരേന്ദ്ര, യശോദ എന്നിവര്‍ക്കെതിരെ കേസ് എടുത്തുതായി പൊലീസ് പറഞ്ഞു.

പരിക്കേറ്റ വൃദ്ധദമ്ബതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെക്കുറിച്ച്‌ കൂടുതല്‍ സൂചനകള്‍ ലഭിച്ചതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. വൃദ്ധ ദമ്ബതികളുടെ മകന്‍ ഡല്‍ഹിയിലെ വ്യവസായിയാണ്. വ്യാഴാഴ്ച രാവിലെ ഇയാള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ജയപൂരിലേക്ക് പോയിരുന്നു. അന്നേദിവസം രാത്രി സഹോദരിയാണ് വീട്ടില്‍ കവര്‍ച്ച നടന്ന സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസാണ് വയോധികരെ ആശുപത്രിയിലെത്തിച്ചത്. 

വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് വ്യവസായി തന്റെ വീട്ടില്‍ 35 ലക്ഷം രൂപയും ഒന്നരക്കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും കാറും കവര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Related News