മദ്യലഹരിയില്‍ പാമ്ബുമായി 'തമാശ'; യുവാവ് കടിയേറ്റ് മരിച്ചു

  • 06/11/2023

ഉത്തര്‍പ്രദേശില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ, പാമ്ബ് കടിയേറ്റ് യുവാവ് മരിച്ചു. മദ്യലഹരിയില്‍ 22കാരന്‍ പാമ്ബുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്. പാമ്ബിനെ പിടിച്ചുനില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. രോഹിത് ജയ്‌സ്വാള്‍ ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന യുവാവ്, കൊത്താന്‍ പാമ്ബിനെ വെല്ലുവിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശിവന്‍ ആയി അഭിനയിച്ച്‌ കൊണ്ടായിരുന്നു യുവാവിന്റെ വിചിത്ര പെരുമാറ്റം.

പാമ്ബിനെ എടുത്ത് കഴുത്തിലിടുന്നതും നാക്കില്‍ കൊത്താന്‍ പാമ്ബിനെ കൊണ്ട് ശ്രമിപ്പിക്കുന്നതുമായ വിചിത്രമായ പ്രവൃത്തികളാണ് യുവാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. സിഗരറ്റ് വലിക്കുന്നതും പാമ്ബിനെ കൈ കൊണ്ട് തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒടുവില്‍ യുവാവിന് പാമ്ബിന്റെ കടിയേല്‍ക്കുകയായിരുന്നു. എട്ടടി വീരന്‍ ഇനത്തില്‍പ്പെട്ട പാമ്ബാണ് യുവാവിനെ കൊത്തിയതെന്ന് കരുതുന്നു. ജയ്‌സ്വാള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച്‌ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

Related News