സംവരണം 65 ശതമാനമായി ഉയര്‍ത്താന്‍ ബിഹാര്‍; ബില്‍ നിയമസഭ പാസാക്കി

  • 09/11/2023

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും പിന്നാക്കക്കാര്‍ക്കുള്ള സംവരണം 65 ശതമാനമാക്കി ഉയര്‍ത്തുന്ന ബില്‍ ബിഹാര്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. പട്ടിക ജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവയ്ക്കാണ് ഇത് പ്രയോജനം ചെയ്യുക. ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ മാത്രമേ ബില്‍ നിയമമാകുകയുള്ളൂ. സുപ്രീംകോടതിയുടെ 50 ശതമാനം എന്ന പരിധിക്ക് മുകളിലാണ് ബിഹാറില്‍ സംവരണം വരിക.

നിതീഷ് കുമാറിന്റെ വിവാദമായ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുന്നതിനിടെയാണ് ബില്‍ പാസാക്കിയത്. ഇത് നിയമമാകുന്നതോടെ, പട്ടിക ജാതിക്കാര്‍ക്കുള്ള സംവരണം 20 ശതമാനമായി ഉയരും. പട്ടിക വര്‍ഗ വിഭാഗത്തിനുള്ള സംവരണം രണ്ട് ശതമാനമായാണ് ഉയരുക. പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവണം 43 ശതമാനമായി ഉയരും എന്നതാണ് മറ്റൊരു പ്രത്യേകത. കേന്ദ്ര നിയമമനുസരിച്ചുള്ള പത്ത് ശതമാനം സാമ്ബത്തിക സംവരണത്തിനു പുറമേയാണിത്. 

ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബില്‍ നിയമസഭ പാസാക്കിയത്. പിന്നാക്ക വിഭാഗക്കാര്‍, ദലിതര്‍, ആദിവാസികള്‍ എന്നിവര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുള്ളത് എന്നാണ് ജാതി സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.എസ് സി, എസ്ടി വിഭാഗങ്ങളിലുള്ള 42 ശതമാനത്തിലേറെ കുടുംബങ്ങളും ദരിദ്രരാണ്. എസ് സി വിഭാഗത്തില്‍നിന്ന് സര്‍വേയില്‍ ഉള്‍പ്പെട്ടവരില്‍ ആറ് ശതമാനം പേര്‍ മാത്രമാണ് 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. എസ്സി, എസ്ടി, പിന്നാക്ക വിഭാഗക്കാര്‍, അതിപിന്നാക്ക വിഭാഗക്കാര്‍ എന്നിങ്ങനെ തിരിച്ച്‌ 215 വിഭാഗങ്ങളെയാണ് ജാതി സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

Related News