ഡല്‍ഹിയിലെ 'ഗുരുതര' വായു മലിനീകരണം; കൃത്രിമമഴ പെയ്യിക്കാന്‍ കെജരിവാള്‍ സര്‍ക്കാര്‍

  • 09/11/2023

ഡല്‍ഹിയില്‍ ഒരാഴ്ചയായി തുടരുന്ന വായു മലിനീകരണത്തെ പ്രതിരോധിക്കാന്‍ കൃത്രിമമഴ പെയ്യിക്കാന്‍ കെജരിവാള്‍ സര്‍ക്കാര്‍. ഏഴു ദിവസമായി ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 'ഗുരുതര' വിഭാഗത്തില്‍ തുടരുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും വാഹനങ്ങളില്‍ നിന്നുള്ള പുകയുമാണ് ഡല്‍ഹിയില്‍ മലീനീകരണം രൂക്ഷമാകുന്നതിന് കാരണം. 

ഗുരുതരമായ സ്ഥിതി പരിഹരിക്കുന്നതിനായി കാണ്‍പൂര്‍ ഐഐടി സംഘവുമായി ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായും ധനമന്ത്രി അതിഷിയും കൂടികാഴ്ച നടത്തുന്നുണ്ട്. വിഷയത്തില്‍ വെളളിയാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള വിശദമായ റിപ്പോര്‍ട്ടും ഐഐടി സംഘത്തോട് സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഡല്‍ഹിയിലെ ഗുരതരമായ വായുമലിനീകരണത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക. സുപ്രീം കോടതിയില്‍ നിന്ന് അനുമതി കിട്ടിയാല്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും പദ്ധതി നടപ്പാക്കുന്നതിലേക്ക് കടക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു. 

കൃത്രിമ മഴ സൃഷ്ടിക്കാന്‍ കുറഞ്ഞത് 40 ശതമാനം മേഘപാളികള്‍ വേണമെന്ന് ഐഐടി സംഘം പറഞ്ഞു. നവംബര്‍ 20, 21 തീയികളില്‍ ഇത് സാധ്യമായേക്കും. പദ്ധതി നടപ്പാക്കാന്‍ അനുമതി ലഭിച്ചാല്‍ പൈലറ്റ് പഠനം നടത്താമെന്നും ഐഐടി വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സുപ്രിം കോടതിയില്‍ വാദം കേള്‍ക്കുമ്ബോള്‍, കോടതിക്ക് മുന്നില്‍ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാനാണ് സര്‍ക്കാര്‍ ആലോചന. 

Related News