ചെന്നൈയിലെ ടെക്സ്റ്റൈല്‍സില്‍നിന്ന് മോഷണം പോയ വിലകൂടിയ സാരികള്‍ തിരികെ ലഭിച്ചു. സ്ത്രീ സംഘമാണ് ടെക്സ്റ്റൈല്‍സില്‍ നിന്ന് വിലകൂടിയ സാരികള്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം വിജയവാഡ പൊലീസാണ് ചെന്നൈ ശാസ്ത്രി നഗര്‍ സ്‌റ്റേഷനിലേക്ക് സാരികള്‍ അയച്ചു നല്‍കിയത്.
ഒക്‌ടോബര്‍ 28 നായിരുന്നു ചെന്നൈ ബസന്ത് നഗറിലെ ടെക്സ്റ്റൈല്‍സില്‍ നിന്ന് മോഷണം. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയ സമയത്താണ് സാരികള്‍ എത്തിയത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയിലാണ് സ്ത്രീ സംഘം വിലകൂടിയ സാരികള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.
കടയിലേക്ക് ആറോളം സ്ത്രീകള്‍ എത്തുകയും വസ്ത്രം വാങ്ങാനെന്ന വ്യാജേന സെയില്‍സ് ജീവനക്കാരുമായി സംസാരിക്കുകയും ചെയ്തു. അതിനിടെ കൂട്ടത്തിലെ രണ്ട് സ്ത്രീകള്‍ക്ക് തങ്ങള്‍ ധരിച്ചിരുന്ന സാരിയുടെ അടിയിലേക്ക് പട്ട് സാരികളുടെ കെട്ടുകള്‍ ഒളിപ്പിക്കുകയും ചെയ്തു. ഇവരുടെ ചെയ്തികള്‍ കാണാതിരിക്കാൻ മറ്റ് സ്ത്രീകള്‍ തന്ത്രപരമായി മറ നിന്നു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ദൃശ്യങ്ങള്‍.
മോഷണം പോയ സാരികളുടെ വില ഏകദേശം 2 ലക്ഷം രൂപയോളം വരുമെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ ആറോ ഏഴോ സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും , എല്ലാവരും സാരിയാണ് ധരിച്ചിരുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവര്‍ മോഷ്ടിച്ച സാരികളുടെ വില ഒന്നിന് 30,000-ത്തിന് മുകളിലാണ്. ചില സാരികളുടെ വില 70000 രൂപയായിരുന്നെന്നും പൊലീസ് പറഞ്ഞു.
സംഘം വിജയവാഡയില്‍ നിന്നുള്ളവരാണെന്ന് സംശയിച്ച ചെന്നൈ പൊലീസ് അവിടെയുള്ള പൊലീസുമായി ബന്ധപ്പെട്ടു. കുടുങ്ങുമെന്നായതോടെ കേസില്‍ നിന്ന് രക്ഷപ്പെടാൻ സാരികള്‍ തിരികെ അയക്കാമെന്ന വാഗ്ദാനവുമായി സ്ത്രീകള്‍ രംഗത്തെത്തി. പ്രതികളെ വിജയവാഡ പൊലീസ് തിരിച്ചറിഞ്ഞു. ദീപാവലിക്ക് ശേഷം വിജയവാഡയിലെത്തി സംഘത്തെ അറസ്റ്റ് ചെയ്യാൻ ചെന്നൈ പൊലീസ് തിരിച്ചേക്കും. ഉത്സവസമയത്ത് സ്ത്രീകള്‍ മോഷണത്തിനായി മറ്റ് നഗരങ്ങളിലേക്ക് പോകാറുണ്ടെന്ന് വിജയവാഡ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചയച്ച സാരികളുടെ വില ഏഴ് ലക്ഷത്തിലധികം വരും. ഇത് മറ്റ് കടകളിലും സംഘം മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?