ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശീലനത്തിനിടെ പൈലറ്റ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. എയര്‍ ഇന്ത്യയില്‍ സീനിയര്‍ പൈലറ്റായ ഹിമാനില്‍ കുമാര്‍ (37) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11.35-ഓടെ ടെര്‍മിനല്‍ മൂന്നില്‍ എയര്‍ഇന്ത്യയുടെ പരിശീലന പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ സിപിആര്‍ നല്‍കി. വിമാനത്താവളത്തില്‍ത്തന്നെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡ്യൂട്ടിയുടെ ഭാഗമായി ഓഗസ്റ്റ് 23ന് കുമാര്‍ വൈദ്യപരിശോധനയ്ക്ക് വിധേയനായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും കാണിച്ചിരുന്നില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 2024 ഓഗസ്റ്റ് 30വരെ അദ്ദേഹത്തിന് ഫിറ്റ്‌നെസ് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നുമുതല്‍ ബോയിങ് 777 വിമാനം പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനത്തിലായിരുന്നു കുമാര്‍. പൂജാവധിയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് കുമാര്‍ പരിശീലനം പുനരാരംഭിച്ചത്.
അതേസമയം, മൂന്നുമാസത്തിനിടെ യുവ പൈലറ്റുമാര്‍ ഹൃദയാഘാതം മൂലം മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഓഗസ്റ്റില്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. വിമാനത്തിലേക്ക് കയറാന്‍ ബോര്‍ഡിങ് ഗേറ്റിന് സമീപം നില്‍ക്കുന്നതിനിടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം ഡല്‍ഹിയില്‍നിന്നും ദോഹയിലേക്ക് യാത്രചെയ്യുന്നതിനിടെ ഖത്തര്‍ എയര്‍വെയ്‌സ് പൈലറ്റും മരിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?