എയര്‍ ഇന്ത്യ ഇനി പുതിയ ലുക്കില്‍; കൂടുതല്‍ ആധുനിക യാത്രാ സൗകര്യങ്ങള്‍

  • 17/11/2023

പുതിയ രൂപകല്‍പനയിലുള്ള വിമാനവുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എ 350-900 എയര്‍ക്രാഫ്റ്റ് സിംഗപ്പൂരില്‍ നിന്ന് ഫ്രാന്‍സിലെ തൗലോസിലേക്ക് എത്തി. വിമാനത്തിന്റെ ചിത്രങ്ങള്‍ എയര്‍ ഇന്ത്യ എക്‌സില്‍ പങ്കുവെച്ചു.


സിംഗപ്പൂരിലാണ് വിമാനം പുതിയ രൂപകല്‍പനയിലേക്ക് മാറ്റിയത്. ഡിസംബറിന് മുമ്ബായി വിമാനം കൈമാറും. വിമാനം കൈമാറുന്നതിന് മുമ്ബായി ചെയ്യേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സിംഗപ്പൂരില്‍ നിന്ന് ഫ്രാന്‍സിലേക്ക് വിമാനം എത്തിച്ചത്.

പുതിയൊരു അധ്യയത്തിന് തുടക്കം കുറിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ യാത്രാ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു കാല്‍വെയ്പ് കൂടിയാകും എയര്‍ ഇന്ത്യയുടെ പുതിയ വിമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. സിംഗപ്പൂരില്‍ നിന്ന് ഫ്രാന്‍സിലെ തൗലോസിലേക്ക് എയര്‍ ഇന്ത്യയുടെ എ 350-900 എയര്‍ക്രാഫ്റ്റ് എത്തുന്നത് പുതിയ ലുക്കിലായിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സില്‍ കുറിച്ചു.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ കൂടുതല്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 40 എയര്‍ബസുകള്‍ കൂടി വാങ്ങാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ആറ് എ 50-900 വിമാനവും 34 എ350 -1000 വിമാനവുമാണ് എയര്‍ ഇന്ത്യ പുതുതായി വാങ്ങുന്നത്. എ 350-900ന്റെ ആദ്യ വിമാനം ഡിസംബറോടെ കൈമാറും. ബാക്കിയുള്ള അഞ്ച് എ350-900 വിമാനങ്ങള്‍ 2024 മാര്‍ച്ചോടെ ലഭിക്കുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കുന്നത്.

Related News