ഉത്തരകാശി തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം; 40 പേരെ രക്ഷപെടുത്താന്‍ ശ്രമം തുടരുന്നു

  • 17/11/2023

ഉത്തരകാശി സില്‍ക്യാരയിലെ ദേശീയപാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. 27,500 കിലോഗ്രാം തൂക്കം വരുന്ന നിര്‍ണായക രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ഉത്തരാഖണ്ഡ് പര്‍വതനിരകളിലെ എയര്‍സ്ട്രിപ്പിലെത്തിച്ചു. ഐഎഎഫ്‌സി-130 ജെ എയര്‍ക്രാഫ്റ്റാണ് രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുമായി പറന്നിറങ്ങിയത്. 

ചെറുതും ഇടുങ്ങിയതുമായ എയര്‍സ്ട്രിപ്പില്‍ ഭാരം കൂടിയ ഉപകരണങ്ങളുമായുള്ള ലാന്‍ഡിങ്, ഇടുങ്ങിയ സ്ഥലത്ത് ഉപകരണങ്ങള്‍ ഇറക്കല്‍ എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ക്കിടയിലാണ് ദൗത്യം ഏറ്റെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. 

ചരക്കിറക്കുന്നതിന് ആവശ്യമായ പ്രത്യേക ഉപകരണങ്ങള്‍ ധാരാസുവില്‍ ഇല്ലായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ ഒരു മണ്‍ റാമ്ബ് നിര്‍മ്മിച്ചു. അഞ്ചുമണിക്കൂറിനുള്ളില്‍ മണ്‍റാമ്ബ് നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. 

120 മണിക്കൂറുകളിലേറെയായി 40 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങികിടക്കുന്നത്. തൊഴിലാളികള്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. എയര്‍ കംപ്രസ് ചെയ്ത പൈപ്പുകള്‍ വഴി ഓക്സിജന്‍, മരുന്നുകള്‍, ഭക്ഷണം, വെള്ളം എന്നിവ ഇവര്‍ക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. 

Related News