ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ള അടുത്ത വെല്ലുവിളി

  • 03/01/2024

സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ള അടുത്ത വെല്ലുവിളിയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഈ മാസം 25 ഓടെ ആരംഭിക്കാന്‍ ആലോചിക്കുന്ന നിയമസഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിഞ്ജയ്ക്ക് പോലും മുഖ്യമന്ത്രിയോട് മിണ്ടാതെ പിണങ്ങിയിരുന്ന ഗവര്‍ണര്‍ നയപ്രഖ്യാപനത്തിന് എന്ത് ചെയ്യും എന്ന ചോദ്യം സര്‍ക്കാരിന് മുന്നിലുണ്ട്. 

പുതിയ വര്‍ഷത്തില്‍ ആദ്യം നടക്കുന്ന നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് കൂടിയാണ് ആരംഭിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെല്ലാം നയപ്രഖ്യാപന പ്രസംഗത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പല തരത്തില്‍ ഉടക്കിട്ടുണ്ട്. ഒരു തവണ, നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിക്കില്ലെന്ന് നിര്‍ബന്ധം പിടിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ടതോടെ വഴങ്ങി. അടുത്തവട്ടം നയപ്രഖ്യാപനത്തിന്‍റെ തലേദിവസം രാത്രിവരെ അതില്‍ ഒപ്പിട്ട് തിരിച്ചയക്കാതെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി.

പിന്നീട് ഗവര്‍ണറുടെ കത്ത് പുറത്ത് വിട്ടെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥനെ മാറ്റിയാണ് സര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിച്ചത്. കഴിഞ്ഞ തവണയും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വലിയ ഉടക്കിടാതെ ഗവര്‍ണര്‍ വന്ന് പ്രസംഗം വായിച്ചു. എന്നാല്‍ ഇത്തവണ അതല്ല അവസ്ഥ. പരിഹരിക്കാന്‍ കഴിയാത്ത തരത്തിലുള്ള അകല്‍ച്ച സര്‍ക്കാരും മുഖ്യമന്ത്രിമായുമായി ഗവര്‍ണര്‍ക്ക് ഉണ്ടായിക്കഴിഞ്ഞു. തനിക്കെതിരായ എസ്.എഫ്.ഐ കരിങ്കൊടി മുഖ്യമന്ത്രിയുടെ ആസൂത്രണം ആണെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. 

Related News