ഇന്ത്യ സഖ്യത്തില്‍ നാളെ മുതല്‍ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങാൻ കോണ്‍ഗ്രസ്

  • 06/01/2024

ഇന്ത്യ സഖ്യത്തിലെ കക്ഷികളുമായി നാളെ മുതല്‍ സീറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ കോണ്‍ഗ്രസ്. തര്‍ക്കം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ദേശീയ സഖ്യത്തിന് പുറമെ എഐസിസി നേതൃത്വവും ചര്‍ച്ചകള‍ില്‍ നേരിട്ട് ഇടപെടും. വെളുത്ത പുക ഉടന്‍ കാണാനാകുമെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

ബംഗാളില്‍ ചര്‍ച്ചകള്‍ വഴിമുട്ടിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബിഹാറില്‍ ജെഡിയു, ദില്ലിയിലും പഞ്ചാബിലും, ഹരിയാനയിലും ആംആദ്മി പാര്‍ട്ടി, ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി എന്നിങ്ങനെ നീണ്ടുകിടക്കുന്നതാണ് സീറ്റ് ചര്‍ച്ച. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതല്ല. ബംഗാളില്‍ 6 സീറ്റുകള്‍ ചോദിച്ചിടത്ത് രണ്ടെണ്ണം മാത്രമേ നല്‍കാനാകൂവെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്.

ബിഹാറില്‍ കോണ്‍ഗ്രസിനോട് നിതീഷ് കുമാര്‍ സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ദില്ലിയിലും പഞ്ചാബിലും ഭൂരിപക്ഷം സീറ്റുകളും വേണമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. ഉത്തര്‍പ്രദേശില്‍ 65 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടിയും പ്രഖ്യാപിച്ചിരിക്കുകയാണ്.

Related News