കുവൈത്ത് തീരത്ത് മൂന്ന് ബോട്ടുകൾ ഒരു കപ്പലിനെ പിന്തുടർന്നതായി റിപ്പോർട്ട്

  • 27/02/2024



കുവൈത്ത് സിറ്റി: കുവൈത്ത് തീരത്ത് മൂന്ന് ബോട്ടുകൾ ഒരു കപ്പൽ ട്രാക്ക് ചെയ്യുന്നതായി റിപ്പോർട്ട് ലഭിച്ചതായി ബ്രിട്ടീഷ് മാരിടൈം അതോറിറ്റി അറിയിച്ചു. കുവൈത്ത് തീരത്ത് ഒരു മണിക്കൂറോളം 3 ബോട്ടുകൾ കപ്പലിനെ പിന്തുടർന്നു. മൂന്ന് ബോട്ടുകളിലും രണ്ട് പേർ ഉണ്ടായിരുന്നു, എന്നാൽ ആയുധങ്ങളോ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെയോ കാണാൻ സാധിച്ചില്ല. ഒരു നോട്ടിക്കൽ മൈലിൽ താഴെയുള്ള ദൂരത്തിൽ ചെറിയ ബോട്ടുകൾ ഒരു മണിക്കൂർ തൻ്റെ കപ്പലിനെ പിന്തുടർന്നുവെന്നാണ് കപ്പലിൻ്റെ ക്യാപ്റ്റൻ അറിയിച്ചത്. കപ്പലും ജീവനക്കാരും നിലവിൽ സുരക്ഷിതരാണ്. ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ബ്രിട്ടീഷ് നാവികസേന നിർദേശിച്ചു.

അതേസമയം മുന്നറിയിപ്പ് അയച്ച കപ്പൽ കുവൈത്ത് കപ്പലല്ലെന്നും കുവൈറ്റിലേക്ക് പോകുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. മുന്നറിയിപ്പ് ലഭിച്ച ബ്രിട്ടീഷ് മാരിടൈം അതോറിറ്റി ഒമാൻ സുൽത്താനേറ്റ് ആസ്ഥാനമായുള്ള ഒരു സിവിൽ ബോഡിയാണെന്നും കപ്പൽ യാത്ര തുടരുകയും ഇറാഖി തുറമുഖമായ ഉമ്മു ഖസ്‌റിലേക്ക് അപകടത്തിൽപ്പെടാതെ പ്രവേശിച്ചതായും വൃത്തങ്ങൾ അറിയിച്ചു.

Related News