രാജസ്ഥാനിലെ അജ്മീറില്‍ പള്ളിയിലെ ഇമാമിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ചതായി പൊലീസ്

  • 29/04/2024

രാജസ്ഥാനിലെ അജ്മീറില്‍ പള്ളിയിലെ ഇമാമിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി. മുഖംമൂടി ധരിച്ച മൂന്ന് പേർ ചേർന്നാണ് ഇമാമിനെ ആക്രമിച്ചത്. ശനിയാഴ്ച രാംഗഞ്ചിലെ കാഞ്ചൻ നഗറിലുള്ള മുസ്ലീം പള്ളിയിലാണ് സംഭവം. ഈ സമയത്ത് പള്ളിയില്‍ ആറ് കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്നു ഇമാമായ മുഹമ്മദ് മാഹിർ.

ഉത്തർപ്രദേശിലെ രാംപുര സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് മാഹിർ. 30 കാരനായ ഇമാമിനെ വടികൊണ്ട് ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങിയതോടെ അജ്ഞാതർ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് കുട്ടികളില്‍ നിന്ന് മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് കുട്ടികള്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. 

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. കൊലപാതകത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിൻ്റെ കാരണം ഇതുവരെ വ്യക്തല്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്ന് രാംഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻചാർജ് രവീന്ദ്ര ഖിഞ്ചി പറഞ്ഞു. പ്രതികള്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News