കുവൈത്തിലെ വിവാഹ മോചനങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ

  • 07/06/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ വിവാഹ മോചനങ്ങളുടെ എണ്ണത്തിൽ കുറവ്. കുവൈത്തിൽ വർധിച്ചുവരുന്ന വിവാഹമോചന നിരക്ക് പരിഹരിക്കുന്നതിന് വിവിധ സർക്കാർ ഏജൻസികൾക്കും അസോസിയേഷനുകൾക്കുമൊപ്പം നീതിന്യായ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2023ൽ വിവാഹമോചന നിരക്കിൽ കുറവുണ്ടായി. എന്നാൽ, ഇതേ കാലയളവിൽ വിവാഹ നിരക്കുകളും കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് റിസർച്ച് വകുപ്പാണ് കണക്കുകൾ പുറത്ത് വിട്ടത്. 2023ൽ വിവാഹങ്ങളുടെ എണ്ണം 2022ലെ 13,656-ൽ നിന്ന് 13,303 ആയി കുറഞ്ഞു. 2.6 ശതമാനം കുറവാണ് വന്നിട്ടുള്ളത്. ആകെ വിവാഹമോചന കേസുകളുടെ എണ്ണം 2022ലെ 8,307ൽ നിന്ന് 2023-ൽ 7,865 കേസുകളായി കുറഞ്ഞു. 5.3 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളത്. വിവാഹത്തിൻ്റെ ആദ്യ വർഷത്തിൽ ഉണ്ടാകുന്ന വിവാഹമോചനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.

Related News