കെ.ഐ.സി-സിൽവർ ജൂബിലി, മുഹബ്ബത്തെറസൂൽ സമ്മേളനങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം

  • 17/09/2024


കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) സംഘടിപ്പിച്ച മുഹബ്ബത്തെ റസൂൽ(സ)’24 സമ്മേളനവും സിൽവർ ജൂബിലി സമാപന സമ്മേളനവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു. ആദ്യദിവസം “മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം” എന്ന പ്രമേയത്തിൽ നടന്ന മുഹബ്ബത്തെ റസൂൽ നബിദിന സമ്മേളനം , എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ‘പുണ്യ നബി (സ) യുടെ ജീവിതവും പ്രവർത്തനവും സമൂഹത്തിന് വരച്ച് കാണിക്കാനും ആ മഹിത പാത പിൻപറ്റേണ്ടവർ ആണ് വിശ്വാസികൾ എന്ന ബോധം ഉണ്ടാക്കിയെടുക്കാനും മീലാദ് പ്രോഗ്രാമുകളിലൂടെ സാധിക്കണം. പുണ്യ നബിയുടെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ തിരുചര്യകൾ ജീവിതത്തിൻ്റെ ഭാഗമാക്കാൻ വിശ്വാസി സമൂഹം തയാറാവണം‘ എന്ന് സയ്യിദ് ഹമീദലി തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. 2025 -2026 വർഷത്തേക്കുള്ള മെമ്പർഷിപ് ക്യാമ്പയിനിന്റെ ഉൽഘാടനവും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിച്ചു. സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ മീലാദ് സന്ദേശം നൽകി, സമസ്ത പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. അൻവർ മുഹ്‌യിദ്ദീൻ ഹുദവി പ്രമേയ പ്രഭാഷണവും നിർവഹിച്ചു. ഇസ്‌ലാമിക് കൗൺസിൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ സ്വാഗതവും മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും അർപ്പിച്ചു.

രണ്ടാം ദിവസം ബുർദ മജ്‌ലിസിന്റെയും മെഗാ മൗലിദ് സദസ്സിന്റെയും ശേഷം സിൽവർ ജൂബിലി സമാപന സമ്മേളനം നടന്നു. ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽനൂറ്റാണ്ട്’ എന്ന പ്രമേയത്തിൽ കഴിഞ്ഞ 25 മാസമായി നടന്നുവരുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. വിശുദ്ധ ദീനിൻ്റെ യഥാർത്ഥ തത്വങ്ങൾ പൂർണമായി ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ, മലയാളി മുസ്ലിംകൾ ഉള്ളയിടങ്ങളിലൊക്കെ സമസ്തയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു അതിന്റെ ഭാഗമാണ് കുവൈത്തിൽ ഇരുപത്തിയഞ്ചു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുവൈത്ത് കേരള ഇസ്ലാമിക് കൌൺസിൽ. സമസ്തയുടെയും കീഴ്‌ഘടകങ്ങളുടെയും പ്രവർത്തനങ്ങൾക്കു ശക്തിപകരാന് ഇസ്ലാമിക് കൌൺസിൽ എന്നും മുൻപന്തിയിൽ ഉണ്ടാകാറുണ്ടെന്നും ജിഫ്രി തങ്ങൾ സൂചിപ്പിച്ചു. സമസ്ത ജനറൽ സെക്രെട്ടറി ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ SNEC വിദ്യാർത്ഥിനികൾക്കായി ഇസ്‌ലാമിക് കൌൺസിൽ നടപ്പിലാക്കുന്ന തുറയ്യാ സ്കോളർഷിപ് പദ്ധതിയുടെ പ്രഖ്യാപനം സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ നിർവഹിച്ചു. സംഘടനയുടെ നാൾവഴികളും സിൽവർ ജൂബിലിയോട് അനുബന്ധിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 25 പദ്ധതികളും വ്യക്തമാക്കുന്ന ഡോക്യുമെൻ്ററി പ്രദർശനവും നടന്നു. സമ്മേളനോപഹാരമായ ‘അൽ-മഹബ്ബ 2024’ സുവനീറിന്റെ സിൽവർ ജൂബിലി സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം, എനർജി ഐ.ടി സൊല്യൂഷൻ മാനേജിങ് പാർട്ണർ അബ്ദുൽ ഖാദറിന് നൽകി സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

സമസ്തയുടെ വിവിധ ഘടകങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാക്കളെ അവരുടെ സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും അംഗീകാരമായി 'സേവനമുദ്ര' നൽകി ആദരിക്കുന്നതിന്റെ ഭാഗമായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി സമസ്ത സ്വരൂപിക്കുന്ന ഫണ്ടിലേക്കുള്ള ഇസ്ലാമിക് കൌൺസിൽ വിഹിതം പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി സയ്യിദുൽ ഉലമാ ജിഫ്രി മുത്തുക്കോയ തങ്ങളെയും പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന OSFOJANA കുവൈത്ത് കമ്മിറ്റി സമാഹരിച്ച ഫണ്ട് 6 ലക്ഷം രൂപ പ്രസിഡണ്ട് ശംസുദ്ധീൻ ഫൈസി ശൈഖുൽ ജാമിഅഃ ആലിക്കുട്ടി ഉസ്താദിനെയും ഏല്പിച്ചു.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സുലൈമാൻ ജാബിർ അൽ സഈദി, ഷെയ്ഖ് ഹസ്സൻ ബാദുഷ, മുഹമ്മദ് ഹാരിസ് (ലുലു ഹൈപ്പർ ) റഫീഖ് മുറിച്ചാണ്ടി (മംഗോ ഹൈപ്പർ) എന്നിവർക്ക് സംഘടനയുടെ ഉപഹാരങ്ങൾ കൈമാറി കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ, KKMA പ്രസിഡന്റ് കെ ബഷീർ, MDEX പ്രസിഡൻ്റ് മുഹമ്മദലി ഹാജി, നിസാർ അലങ്കാർ, ശറഫുദ്ദീൻ കണ്ണേത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഇസ്ലാമിക് കൌൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ സ്വാഗതവും ട്രഷറർ ES അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങൾ, മജ്ലിസുൽ അഅലാ അംഗങ്ങൾ, മേഖല നേതാക്കൾ, വിങ് കൺവീനർമാർ പരിപാടികൾ ഏകോപിപ്പിച്ചു.


Related News