കൊറോണ വ്യാപനം തടയാന്‍ നേഴ്സുമാരുടെ ബോധവത്കരണം

  • 18/03/2020

തിരുവനന്തപുരം: കൊറോണ വൈറസിനെ അകറ്റിനിര്‍ത്താനുള്ള മെഡിക്കല്‍ കോളേജ് അധികൃതരുടെ പരിശ്രമങ്ങള്‍ക്കൊപ്പം രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണവുമായി നേഴ്സുമാരും രംഗത്ത്. വൈറസിന്‍റെ വ്യാപനത്തെ ചെറുക്കാന്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസ് ആകമാനം വിവിധതരത്തിലുള്ള കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. അതിന് ശക്തമായ പിന്തുണയുമായാണ് കേരളാ ഗവണ്‍മെന്‍റ് നേഴ്സസ് അസോസിയേഷന്‍റെ (കെ ജി എന്‍ എ) ബോധവത്കരണ പരിപാടി നടക്കുന്നത്. ഒപിയില്‍ രോഗികള്‍ക്കൊപ്പം വരുന്ന കൂട്ടിരിപ്പുകാരിലും ജീവനക്കാരിലുമാണ്  വൈറസിന്‍റെ വ്യാപനം എങ്ങനെ തടയാമെന്നുള്ളതിന്‍റെ പ്രധാന മാര്‍ഗങ്ങളും മറ്റും വിശദമാക്കുന്നത്. കൈകള്‍ കഴുകുന്നതിനെക്കുറിച്ചും മാസ്ക് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യം,  ഉപയോഗിച്ച മാസ്കുകള്‍ എങ്ങനെ നീക്കം ചെയ്യണമെന്നതും തൂവാല എങ്ങനെ മാസ്കായി ഉപയോഗിക്കാമെന്നും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയയും വിശദീകരിച്ചു. വിവിധ ഒപികളിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാര്‍ക്കും വിവിധ ചികിത്സാവിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും കൊറോണ വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ വ്യക്തമാക്കുന്ന ക്ലാസുകള്‍ ഏതാനും ദിവസങ്ങളായി കെ ജി എന്‍ എയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. കെ ജി എന്‍ എ സംസ്ഥാന കമ്മറ്റിയംഗം പ്രിയാകൃഷ്ണന്‍, ജില്ലാ ജോയിന്‍റ് സെക്രട്ടറി സുഷമ എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ചിത്രം: കെ ജി എന്‍ എയുടെ നേതൃത്വത്തില്‍ ഒപിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊറോണവ്യാപനം തടയുന്നതിനെക്കുറിച്ച് ബോധവത്കരണക്ലാസ് എടുക്കുന്നു

Related News