നിസാര്‍ ഭ്രമണപഥത്തില്‍; ഐഎസ്‌ആര്‍ഒ - നാസ സംയുക്ത ദൗത്യം വിജയം

  • 30/07/2025

ഐഎസ്‌ആര്‍ഒ - നാസ സംയുക്ത ദൗത്യമായ നിസാര്‍ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വൈകീട്ട് 5.40 ന് വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ ജിഎസ്‌എല്‍വി-എഫ് 16 റോക്കറ്റിലായിരുന്നു വിക്ഷേപണം.

നാസ-ഐഎസ്‌ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (നിസാര്‍) എന്ന ഉപഗ്രഹം കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും ആഗോള നിരീക്ഷണത്തിനായാണ് ഉപയോഗിക്കുക. നാസയുമായി സഹകരിച്ച്‌ ഐഎസ്‌ആര്‍ഒ നാസയുമായി സഹകരിച്ച്‌ നിര്‍മ്മിച്ച ആദ്യത്തെ റഡാര്‍ ഇമേജിംഗ് ഉപഗ്രഹം കൂടിയാണ് നിസാര്‍. 743 കിലോമീറ്റര്‍ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാര്‍ ഭൂമിയെ ചുറ്റുക.

ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും നിരീക്ഷിക്കാന്‍ കഴിവുള്ള നിസാര്‍ നാസയുടെ എല്‍-ബാന്‍ഡും ഐഎസ്‌ആര്‍ഒ വികസിപ്പിച്ചെടുത്ത എസ്-ബാന്‍ഡ് എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുക. ഇവ രണ്ടും ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ റഡാര്‍ ഇമേജിങ് ഉപഗ്രഹമാണ് നിസാര്‍ എന്നും ബഹിരാകാശ ഏജന്‍സികള്‍ അറിയിച്ചു. 150 കോടി ഡോളറാണ് ദൗത്യത്തിന്റെ ആകെ ചെലവ്. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ ദൗത്യം എന്ന നിലയിലും നിസാറിന് പ്രാധാന്യമേറുന്നു.

Related News