കന്യാസ്ത്രീകളുടെ അറസ്റ്റ്: യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും

  • 30/07/2025

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുഡിഎഫ് എംപിമാര്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണും. 12 മണിക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ അനുഭാവപൂര്‍വമായ നിലപാട് എടുക്കാമെന്ന് അമിത് ഷാ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്നും നോട്ടീസ് നല്‍കും. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ നല്‍കിയ നോട്ടീസുകള്‍ തള്ളിയിരുന്നു. ഇന്നലെ ലോക്‌സഭയിലെ ശൂന്യവേളയില്‍ എംപിമാര്‍ വിഷയം ഉന്നയിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.സി. വേണുഗോപാല്‍ സഭയില്‍ ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ യുഡിഎഫ് എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുംചെയ്തു.

ദുര്‍ഗിലെ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ കഴിഞ്ഞദിവസം ജാമ്യംതേടി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ദുര്‍ഗിലെ സെഷന്‍സ് കോടതിയും കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല.

മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിലപാട്. വിഷയത്തില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.അതിനിടെ, യുഡിഎഫ് എംപിമാര്‍ കഴിഞ്ഞദിവസം കന്യാസ്ത്രീകളെ ജയിലിലെത്തി സന്ദര്‍ശിച്ചു. ബുധനാഴ്ച ഇടതുനേതാക്കളും എം.പിമാരും ജയിലിലെത്തി കന്യാസ്ത്രീകളുമായി സംസാരിച്ചു.

Related News