ഇസ്രായേലുമായി സൗദിക്ക് നയതന്ത്രബന്ധം വേണ്ട

  • 04/12/2020

ഇസ്രായേലുമായി സൗദി അറേബ്യ നയതന്ത്രം സ്ഥാപിക്കാനുളള ശ്രമത്തിലാണെന്നുളള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കെ പ്രതികരണവുമായി അമേരിക്കയിലെ മുന്‍ സൗദി അംബാസിഡർ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍. ഇസ്രായേലുമായി ഒരിക്കലും സൗദി നയതന്ത്രം സ്ഥാപിക്കില്ലെന്നും, ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നും അദ്ദേഹം പ്രതികരിച്ചു.  ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് ഒരുക്കങ്ങളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയുടെ വിശ്വാസ്യത ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിശ്വാസ്യതയേക്കാള്‍ ഏറെ ഉയര്‍ന്നതാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ കൂടിക്കാഴ്ച നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ സൗദി വിദേശ മന്ത്രി പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. 

ഇസ്രായേലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്. സൗദി അറേബ്യയുടെ പ്രസ്താവന മാധ്യമങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. പല കാര്യങ്ങളിലും ഇസ്രായേല്‍ ജനതയോട് കള്ളം പറഞ്ഞെന്ന ആരോപണം സ്വന്തം നാട്ടില്‍ നേരിടുന്ന ഭരണാധികാരിയാണ് നെതന്യാഹു. ഇസ്രായേല്‍ ഭരണാധികാരിയുമായി സൗദി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സ്ഥിരമായി കള്ളം പറയുന്ന ഒരാളെ വിശ്വസിക്കുകയും എല്ലാ കാര്യങ്ങളിലും സത്യം മാത്രം പറയുന്ന ഒരാളെ അവിശ്വസിക്കുന്നതും എങ്ങനെയാണെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ ചോദിച്ചു. 

Related News