പൊന്മുടി ഇക്കോടൂറിസം സെന്ററില്‍ പ്രവേശിക്കുന്നതിന് അനധികൃതമായി 40 രൂപ ഈടാക്കുന്നുവെന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിമാണെന്ന് തിരുവനന്തപുരം ഡി. എഫ്. ഒ. പ്രദീപ് കുമാര്‍ അറിയിച്ചു. കെ എസ് ആര്‍ ടി സി ബസില്‍ ഇവിടെ എത്തുന്ന എല്ലാവരില്‍ നിന്നും 40 രൂപ ഫീസ് വാങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഹില്‍ ടോപ്പ് വരെ എത്തുന്ന പൊന്മുടി സന്ദര്‍ശകരായ യാത്രക്കാരില്‍ നിന്നുമാത്രമാണ് ഇക്കോടൂറിസം സെന്ററിലേക്കുള്ള പ്രവേശനഫീസായി 30 രൂപ ഈടാക്കുന്നത്. വനസംരക്ഷണ സമിതി അംഗങ്ങളാണ് ഈ ടിക്കറ്റുകള്‍ നല്‍കുന്നത്. എസ്റ്റേറ്റ് തൊഴിലാളികള്‍, ടൂറിസം അല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ എന്നിവരില്‍ നിന്ന് ഫീസ് ഈടാക്കാറില്ല. ബസില്‍ നിന്ന് ഇറങ്ങുന്നതിന് ആളുകളെ വിലക്കിയിട്ടില്ലെന്നും ടൂറിസം മേഖലയിലെത്തുമ്പോള്‍ മാത്രമാണ് ഫീസ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ ഓഡിറ്റിങ് നടക്കുന്നില്ലെന്ന വാര്‍ത്തയും വസ്തുതാ വിരുദ്ധമാണ്. തദ്ദേശീയരുള്‍പ്പെട്ട വി എസ് എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച വി എസ് എസ് അംഗങ്ങളാണ് ഓഡിറ്റര്‍മാര്‍. ഓഡിറ്റിങ്ങിലെ അപാകതകള്‍ പരിഹരിച്ചു കഴിഞ്ഞു. ഡിവിഷന്‍ ഓഫീസില്‍ നിന്ന് നടത്തേണ്ട ഇ എം എഫ് ഫണ്ടിന്റെ ഓഡിറ്റിങ് ഈ മാസം പൂര്‍ത്തിയാക്കുമെന്നുംഗൈഡുമാര്‍ക്കുള്ള ശമ്പളത്തില്‍ നിലവില്‍ കുടിശ്ശികയില്ലെന്നും അദ്ദേഹം അറിയിച്ചു.
ശൗചാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാറുണ്ട്. ദിവസേന നൂറ് കണക്കിന് സന്ദർശകർ എത്തുന്നതിനാൽ ഇടക്കിടക്കെ അറ്റകുറ്റപ്പണികള്‍ അനിവാര്യമായി വരുന്നു. ശൗചാലങ്ങളുടെ നിലവിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും ശൗചാലയങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനു മാവശ്യമായ നടപടികള്‍ ഈ മാസം തന്നെ പൂർ ത്തീകരിക്കുമെന്നും ഡി എഫ് ഒ അറിയിച്ചു.
ഒരു കാലത്ത് സാമൂഹിക വിരുദ്ധരുടേയും മദ്യപാനികളുടേയും വിഹാര കേന്ദ്രമായിരുന്ന പൊന്മുടിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കിമാറ്റാൻ വനംവകുപ്പ് വഹിച്ച പങ്ക് ഓർക്കാതെ പോകരുതെന്നും ഡി.എഫ്.ഒ.അഭ്യർത്ഥിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?