ഉംറ കർമ്മം നിർവ്വഹിക്കാൻ വിശ്വാസികൾ; നിര്‍ത്തിവച്ച ഉംറ തീര്‍ത്ഥാടനം ഇന്ന് പുനഃരാരംഭിച്ചു

  • 04/10/2020

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉംറ തീര്‍ത്ഥാടനം ഇന്ന് പുനഃരാരംഭിച്ചു. ഇന്ന് രാവിലെ ആറുമണിക്കാണ് തീര്‍ത്ഥാടനം പുനഃരാരംഭിച്ചത്. ഒരു ദിവസം ആറായിരം പേർക്കു മാത്രമാണ് ഉംറ നിർവ്വഹിക്കാൻ അനുമതി. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മക്കയില്‍ ഉംറ കര്‍മ്മം പുനരാരംഭിക്കുന്നത്.  ആദ്യഘട്ടത്തില്‍ ഓരോ ദിവസവും 6000 തീര്‍ത്ഥാടകര്‍ ഉംറ നിര്‍വ്വഹിക്കും. 1000 തീര്‍ത്ഥാടകര്‍ അടങ്ങുന്ന ബാച്ചുകളായാണ് ഉംറ നിര്‍വ്വഹിക്കുക. ഓരോ ബാച്ചിനും കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. 18-നും 65-നും ഇടയില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഉംറ നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കുന്നത്. 

 ഹജ്ജ്-ഉംറ മന്ത്രാലയം ആവിഷ്‌ക്കരിച്ച ഇഅത് മർനാ എന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെ ഇതുവരെ ഒരുലക്ഷത്തിലധികം ആളുകൾക്ക് ഉംറ നിർവ്വഹിക്കാൻ അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു.  ഇതില്‍ കൂടുതലും സൗദിയിലെ വിദേശ തൊഴിലാളികളാണ്.  എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ തീർത്ഥാടനം അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ചാകും ഇതിൽ തീരുമാനം എടുക്കുകയെന്ന് ഹജ്ജ്- ഉംറ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മദീനയിലെ മസ്ജിദുന്നബവിയില്‍ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ റൗളാ ഷരീഫിലേക്കുള്ള പ്രവേശനം ഈ മാസം പതിനെട്ടിന് ആരംഭിക്കും.

Related News