സൗദിയിൽ സ്വർണ്ണ ഉൽപ്പാദനം 158 ശതമാനം ഉയർന്നു

  • 06/10/2020

സൗദി അറേബ്യയിൽ ഈ വർഷത്തെ സ്വർണ്ണ ഉൽപ്പാദനത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്.  ഈ വർഷത്തെ സ്വർണ്ണ ഉൽപ്പാദനത്തിൽ 158 ശതമാനം വർധനവുണ്ടെന്നും,   കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് ഉൽപ്പാദന നിരക്കിൽ ഗണ്യമായ വർധനവുണ്ടായെന്നും ഖനന- വ്യവസായ മന്ത്രാലയം വ്യക്തമാക്കി. 2019 അവസാനത്തോടെ രാജ്യത്തെ സ്വർണ്ണ ഉൽപ്പാദനം 12,353 കിലോഗ്രാമിലെത്തി.  സ്വർണ്ണം, വെളളി ഉൽപ്പാദന മേഖലകളിൽ കൂടുതൽ  നിക്ഷേപകരെ കണ്ടെത്തുന്നതിനായി പുതിയ നിയമം 2021 ജനുവരിയിൽ  പ്രാബല്യത്തിൽ വരും. നിക്ഷേപകർക്കിടയിൽ  സുതാര്യതയും കൂടുതൽ നിക്ഷേപ അവസരങ്ങളും വർധിപ്പിക്കുന്ന പദ്ധതികൾ നിലവിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

വെള്ളിയുടെ ഉൽപ്പാദനത്തിലും വൻ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 5588 കിലോ ഗ്രാം വെള്ളിയാണ് ഉൽപ്പാദിപ്പിച്ചത്. രാജ്യത്തെ വ്യവസായ ഖനന മന്ത്രാലയം  പുതിയ ഖനന നിക്ഷേപ നിയമത്തിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം മുതൽ ഇലക്ട്രോണിക് മൈനിംഗ് പ്ലാറ്റ്‌ഫോമിലേക്ക് മാറിയിട്ടുണ്ട്. നിലവിൽ അപേക്ഷകൾ, ലൈസൻസുകൾ, ഖനന മേഖലകൾ എന്നിവയുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Related News