ഇതുവരെ ഉംറ നിർവ്വഹിച്ചത് 5 ദശലക്ഷം തീർത്ഥാടകർ; ആർക്കും കൊവിഡില്ല

  • 25/12/2020



ഉംറ പുനരാരംഭിച്ചതിന് ശേഷം ഇതുവരെ എത്തിയത് 5 ദശലക്ഷം തീർത്ഥാടകർ. എന്നാൽ തീർത്ഥാടകർക്ക് ആർക്കും തന്നെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ മുഹമ്മദ് സാലിഹ് ബെന്ദൻ അറിയിച്ചു. ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തീർത്ഥാടകർക്ക് മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചു. മന്ത്രാലയത്തിന്റെ വികസന പദ്ധതികളും അദ്ദേഹം കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം മാർച്ച് മുതൽ സൗദിയിൽ ഉംറ തീർത്ഥാടനം നിർത്തിവെച്ചിരുന്നു. പിന്നീട് സപ്റ്റംബർ 22 മുതൽ നാല് ഘട്ടങ്ങളിലായാണ് ഉംറ പുനസ്ഥാപിച്ചത്. പ്രതിദിനം 6000 തീർത്ഥാടകർ എന്ന നിലയിലായിരുന്നു തീർത്ഥാടനം ആരംഭിച്ചത്.

ഒക്ടോബർ 18 ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ തീർത്ഥാടകരുടെ എണ്ണം 15,000 ആയി ഉയർത്തിയിരുന്നു. നവംബർ ഒന്നിന് ആരംഭിച്ച മൂന്നാം ഘട്ടത്തിലാണ് രാജ്യത്തിന് പുറത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കാനുള്ള അനുമതി നൽകിയത്. ഇതോടൊപ്പം പ്രതിദിന തീർത്ഥാടകരുടെ എണ്ണം 20,000 ആയി ഉയർത്തുകയും ചെയ്തു. അതേസമയം ലോകത്തിന് ആശങ്ക പരത്തി യുകെയിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസുകൾ റിപ്പോർട്ട് ചെയ്തത സാഹചര്യത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ വരവ് വീണ്ടും താല്‍കാലികമായി സൗദി നിർത്തിവെച്ചിരിക്കുകയാണ്. 

Related News