തുറമുഖ കമ്പനികളിൽ സൗദിവല്‍ക്കരണം; പദ്ധതി പ്രഖ്യാപിച്ച് സൗദി പോര്‍ട്സ് അതോറിറ്റി

  • 14/01/2021



രാജ്യത്തെ തുറമുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി സൗദി പോര്‍ട്സ് അതോറിറ്റി പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സൗദി പോര്‍ട്സ് അതോറിറ്റിയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. തുടക്കത്തില്‍ ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന നാലു വന്‍കിട കമ്പനികളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

റെഡ് സീ ഗേറ്റ്വേ ടെര്‍മിനല്‍ കമ്പനി, ദുബായ് പോര്‍ട്സ് വേള്‍ഡ് കമ്പനി, സാമില്‍ ഓഫ്ഷോര്‍ സര്‍വീസസ് കമ്പനി, മന്‍സൂര്‍ അല്‍മുസാഅദ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി എന്നിവയിലാണ് സൗദിവല്‍ക്കരണം നടപ്പാക്കുന്നത്. ഈ കമ്പനികളിലെ 23 തൊഴില്‍ മേഖലകള്‍ സൗദിവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്നു. കരാര്‍ കാലത്ത് നാലു കമ്പനികളിലെയും 300 ലേറെ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാന്‍ സ്വദേശിവല്‍ക്കരണ പദ്ധതി ഉന്നമിടുന്നു. പിന്നീട് ക്രമാനുഗതമായി സൗദിവല്‍ക്കരണം ഉയര്‍ത്തും.

പദ്ധതിയുടെ ഭാഗമായി കമ്പനികളില്‍ പുതുതായി നിയമിക്കുന്ന സ്വദേശികളുടെ വേതനത്തിന്റെ നിശ്ചിത വിഹിതവും സൗദികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ചെലവിന്റെ നിശ്ചിത വിഹിതവും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ വഹിക്കും. ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതിന് രാജ്യത്തെ തുറമുഖങ്ങളില്‍ പ്രധാന വിതരണ ശൃംഖല ജോലികളില്‍ സൗദികളെ പരിശീലനങ്ങളിലൂടെ പ്രാപ്തരാക്കി മാറ്റാനും പദ്ധതി സഹായകമാകും. തുറമുഖങ്ങളിലും തുറമുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലും സൗദിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ സൗദി പോര്‍ട്സ് അതോറിറ്റി ആഗ്രഹിക്കുന്നു.

ഗതാഗത, ലോജിസ്റ്റിക്സ് മേഖലയില്‍ സ്വദേശികള്‍ക്ക് 45,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഗതാഗത മന്ത്രാലയവും നേരത്തെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുറമുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സൗദി പോര്‍ട്സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ച് സൗദിവല്‍ക്കരണം നടപ്പാക്കുന്നത്.

Related News