കുവൈറ്റിലെ കൊറോണ പ്രതിരോധം: റെസ്റ്റോറന്റുകളും വാണിജ്യ കേന്ദ്രങ്ങളും അടച്ചിടാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് എംപിമാർ

  • 07/02/2021

കുവൈറ്റ് സിറ്റി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ റെസ്റ്റോറന്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ബാർബർ ഷോപ്പുകൾ, ഹെൽത്ത് ക്ലബുകൾ തുടങ്ങിയവ അടയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് എംപിമാർ രംഗത്ത്.

ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചില മേഖലകളിലെ വൻ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നും അതുകൊണ്ട് വീണ്ടും ആലോചിച്ചു തീരുമാനമെടുക്കണം എന്നും എംപിമാർ ആവശ്യപ്പെട്ടു.

മന്ത്രിസഭാ തീരുമാനത്തിൽ താൻ അതിശയിച്ചതായി എംപി ഒസാമ അൽ ഷഹീൻ പറഞ്ഞു. കൊവിഡ് വ്യാപനവുമായി ഈ നിയന്ത്രണങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയോട് താൻ ഉന്നയിക്കുമെന്നും അൽ ഷഹീൻ വ്യക്തമാക്കി.

അടച്ചുപൂട്ടൽ തീരുമാനം പുനപരിശോധിച്ച് പിൻവലിക്കണമെന്ന് എംപി യൂസഫ് അൽ ഫദാല ആവശ്യപ്പെട്ടു. സ്വകാര്യമേഖലയെയും ചെറുകിട, ഇടത്തരം സംരഭങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ തീരുമാനം പുനപരിശോധിക്കണമെന്ന് എംപി ഡോ. അബ്ദുല്ല അൽ തുരൈജിയും ആവശ്യപ്പെട്ടു.

എല്ലാ കാര്യങ്ങളും പരിശോധിക്കാതെയാണ് മന്ത്രിസഭ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് എംപി ഒസാമ അൽ മുനവർ വിമർശിച്ചു.

Related News