കുവൈത്തിൽ കോവിഡ് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സുരക്ഷസേനയെ വിന്യസിച്ചു.

  • 07/02/2021


 കുവൈറ്റി സിറ്റി : ഉയർന്നുവരുന്ന കോവിഡ് വ്യാപനം പ്രതിരോധിക്കാൻ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച മാളുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും  പ്രവർത്തനസമയ നിയന്ത്രണവും,  കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും മറ്റ് പ്രദേശങ്ങളിലും ഫീൽഡ് ടൂറുകൾ നടത്താൻ സുരക്ഷാ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. 

മന്ത്രിസഭയുടെ നിർദേശപ്രകാരം രാത്രി 8  മണി മുതൽ കടകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ദിവസേന സുരക്ഷാ സേനയുടെ പരിശോധന  മാളുകളിലും വ്യാപാര സമുച്ചയങ്ങളിലും ആരംഭിച്ചു. അതോടൊപ്പം  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 വിവാഹങ്ങൾ ഉൾപ്പെടെ 8 ഒത്തുചേരലുകളുകൾ  സുരക്ഷാ ഉദ്യോഗസ്ഥർ  തടഞ്ഞു,  സംഘാടകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈത്തിൽ  കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നു സർക്കാർ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുവാനും ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങൾക്കും കര്‍ശന നിയന്ത്രണങ്ങള്‍  ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ദേശീയദിനാഘോഷങ്ങൾ ഉൾപ്പടെയുള്ള    എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും  സർക്കാർ വിലക്കിയിട്ടുണ്ട്,    എല്ലാത്തരം ഒത്തുചേരലുകളും ഒഴിവാക്കണമെന്നും  ഇത്തരം ഒത്തുചേരലുകൾ വീടുകളിലോ മറ്റു സ്വകാര്യ ഇടങ്ങളിലോ ആയാൽ പോലും ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു . 

 അതോടൊപ്പം  കോവിഡ്  വ്യാപനത്തെത്തുടർന്ന്  സലൂണുകളടക്കമുള്ള  ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടിയ  തീരുമാനം പുനഃ പരിശോധിക്കണമെന്ന്  ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ്  അൽഗാനിം മന്ത്രിസഭയോട് ആവശ്യപ്പെട്ടതായും,  കുവൈത്തിലെ  മസ്ജിദുകൾ അടക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 

Related News