ഫർവാനിയയിൽ രാത്രി എട്ടുമണിക്കുശേഷം പ്രവർത്തിച്ച മണി എക്സ്ചേഞ്ചിനെതിരെ നിയമനടപടി.

  • 08/02/2021


കുവൈറ്റ് : ഉയർന്നുവരുന്ന കോവിഡ് വ്യാപനം പ്രതിരോധിക്കാൻ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച മാളുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും  പ്രവർത്തനസമയ നിയന്ത്രണവും,  കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അധികൃതർ ശക്തമായ പരിശോധനകൾ ആരംഭിച്ചു. നിയമം ലംഘിച്ച് രാത്രി എട്ടുമണിക്കുശേഷവും പ്രവർത്തിച്ച ഫർവാനിയയിലെ ഒരു മണി എക്സ്ചേഞ്ച് അധികൃതർ അടപ്പിച്ചു, ഉടമയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.

സർക്കാർ പുറത്തിറക്കിയ കോവിഡ് ആരോഗ്യ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും, വ്യാപാര സ്ഥാപങ്ങളും മാളുകളും കൃത്യസമയത്തുതന്നെ അടക്കണമെന്നും ഫർവാനിയ ഗവർണറേറ്റ് ടീം മേധാവി എൻജി.സഊദ്  അൽ-ഒതൈബി വ്യാപാര സ്ഥാപനങ്ങളെ അറിയിച്ചു.

കുവൈത്തിൽ  കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നു സർക്കാർ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുവാനും ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങൾക്കും കര്‍ശന നിയന്ത്രണങ്ങള്‍  ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ദേശീയദിനാഘോഷങ്ങൾ ഉൾപ്പടെയുള്ള    എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും  സർക്കാർ വിലക്കിയിട്ടുണ്ട്,    എല്ലാത്തരം ഒത്തുചേരലുകളും ഒഴിവാക്കണമെന്നും  ഇത്തരം ഒത്തുചേരലുകൾ വീടുകളിലോ മറ്റു സ്വകാര്യ ഇടങ്ങളിലോ ആയാൽ പോലും ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു .   

Related News