35 രാജ്യങ്ങളുടെ പ്രവേശന വിലക്ക് തുടരും, ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ഹോട്ടലുകൾ യാത്രക്കാർക്ക് തിരഞ്ഞെടുക്കാം.

  • 10/02/2021

കുവൈറ്റ് സിറ്റി : ഫെബ്രുവരി 21 മുതൽ കുവൈത്തിലെത്തുന്ന എല്ലാവർക്കും ഏഴു ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ   ക്വാറന്റൈൻ  നിർബന്ധമാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച്  ഹോട്ടലുകൾ തിരഞ്ഞെടുക്കാമെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതർ .ഫൈവ് സ്റ്റാർ , ഫോർ സ്റ്റാർ, ത്രീ സ്റ്റാർ  ഹോട്ടലുകൾ എന്നിങ്ങനെ മൂന്നു വിഭാഗത്തിലായി യാത്രക്കാർക്ക് ഹോട്ടലുകൾ തിരഞ്ഞെടുക്കാമെന്നും.  ക്വാറന്റൈൻ  ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കേണ്ടതുണ്ട് എന്നതിനാൽ  ഇതിന്റെ  ഏകദേശ ചിലവിനെക്കുറിച്ചും ഹോട്ടലുകളുടെ വിവരങ്ങളും ഉടൻ  പ്രഖ്യാപിക്കുമെന്നും  ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ യൂസഫ് അൽ ഫൗസാൻ അറിയിച്ചു. എന്നാൽ നേരിട്ട് പ്രവേശന വിലക്കുള്ള  35 രാജ്യങ്ങളുടെ അവസ്ഥയിൽ ഇതുവരെ മാറ്റങ്ങളൊന്നുമില്ല. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കുവൈത്തിൽ എത്തുന്നതിനുമുമ്പ് പ്രവേശന വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടതുണ്ട് . അതുകൂടാതെയാണ് 7 ദിവസം കുവൈത്തിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ , തുടർന്ന്  7 ദിവസം ഹോം ക്വാറന്റൈനും ആവശ്യമാണ്. 

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാണിജ്യ വിമാന സർവീസുകൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾകഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി ചർച്ച ചെയ്തിരുന്നു, ഫെബ്രുവരി ഇരുപത്തൊന്നോടുകൂടി ഈ കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്. 

 പു​തി​യ കോവിഡ്  കേ​സു​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തോ​ടെയാണ് യാത്ര നിരോധനം ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സർക്കാർ സ്വീകരിച്ചത്. കഴിഞ്ഞ മാസങ്ങളിൽ കേസുകൾ കുറഞ്ഞുവന്നെങ്കിലും ജനുവരി മുതൽ കോവിഡ് കേസുകൾ ഉയരുകയായിരുന്നു. രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും മാ​സ്​​ക്​ ധ​രി​ക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. 

Related News