കോവിഡ് 19, വ്യാപാര സ്ഥാപനങ്ങൾ സമയ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി.

  • 10/02/2021


കുവൈറ്റ്  സിറ്റി : ഉയർന്നുവരുന്ന കോവിഡ് വ്യാപനം പ്രതിരോധിക്കാൻ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച മാളുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും  പ്രവർത്തനസമയ നിയന്ത്രണവും,  കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും 90%  സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൗഹി അറിയിച്ചു. അതേസമയം ഭക്ഷ്യ  ഔട്ട്‌ലെറ്റുകൾ, ഫാർമസികൾ, മെഡിക്കൽ  വിതരണ കേന്ദ്രങ്ങൾ തുടങ്ങിയവയെ പുതിയ സമയക്രമങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സലൂണുകൾ, ബ്യൂട്ടിപാർലറുകൾ, സ്പോർട്സ്- ഹെൽത്ത് ക്ലബ്ബുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ പറഞ്ഞു. കൂടാതെ എല്ലാ വാണിജ്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം രാത്രി 8:00 മുതൽ രാവിലെ 5 വരെ നിർത്തിവയ്ക്കാനും നിർദ്ദേശമുണ്ട്. റസ്റ്റോറന്റുകൾ അടക്കമുള്ള ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ നേരിട്ടെത്തി ഭക്ഷണം കഴിക്കുന്നത് തടയുകയും പകരം ഡെലിവറി സർവീസ് മാത്രമായി പരിമിതപ്പെടുത്തുകയും വേണം. ഉടമകൾ നിർദ്ദേശങ്ങളും തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഫീൽഡ് ടൂറുകളിലൂടെ മേൽനോട്ടം കർശനമാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ ടീമുകളെ  ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശങ്ങളോട്  സഹകരിക്കാത്തവർക്ക് കടുത്ത പിഴ ചുമത്തും.  കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘകർക്കെതിരെ നടപടിയെടുത്തതായും,   കൂടാതെ കൊറോണ വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധനടപടികൾ ശക്തമായി നടപ്പിലാക്കാൻ അദ്ദേഹം മുൻസിപ്പാലിറ്റിയിലെ വിവിധ  മേഖലകളിലെ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകൾക്ക്  സർക്കുലർ നൽകി.

Related News