നീതിന്യായ രംഗത്ത് നാല് പ്രധാന നിയമനിർമ്മാണങ്ങൾ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

  • 12/02/2021

റിയാദ്: നീതിന്യായ സ്ഥാപനങ്ങളെ പരിഷ്‌കരിക്കുന്നതിനും നിയമനിർമ്മാണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായി സൗദി അറേബ്യ ഈ വർഷം നാല് പ്രധാന നിയമനിർമ്മാണങ്ങൾ നടപ്പാക്കുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. വ്യക്തിഗത വിവരങ്ങൾ, സിവിൽ വ്യവഹാരം, വിവേചനാധികാരത്തിനുള്ള ശിക്ഷാനിയമം, തെളിവുകളുടെ നിയമം എന്നിങ്ങനെ നാല് പുതിയ നീതിന്യായ പരിഷ്‌കാരങ്ങളാണ് പ്രഖ്യാപിക്കുക. 

കോടതി വിധികളുടെ പ്രവചനം, ജുഡീഷ്യൽ സ്ഥാപനങ്ങളുടെ സമഗ്രതയും കാര്യക്ഷമതയും വർധിപ്പിക്കൽ, നടപടിക്രമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വിശ്വാസ്യത ഉറപ്പാക്കൽ എന്നിവയാണ് പുതിയ നിയമ പരിഷ്‌കരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പരിഷ്‌കാരങ്ങളിലൂടെ നിയമ വ്യവസ്ഥകളിലെ വ്യവഹാരങ്ങൾ സംബന്ധിച്ച വ്യക്തതയില്ലായ്മയും, വ്യക്തികൾക്കും വ്യവസായങ്ങൾക്കുമായുള്ള വ്യക്തമായ നിയമത്തിന്റെ അഭാവവും പരിഹരിക്കാനാകും. 

അവകാശങ്ങൾ സംരക്ഷിക്കുക, നീതി, സുതാര്യത, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക, സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുക എന്നിവയാണ് പരിഷ്‌കരണം വഴി നടപ്പിലാക്കുക. കഴിഞ്ഞ കുറച്ചുവർഷങ്ങളായി രാജ്യത്തെ നിയമനിർമ്മാണ അന്തരീക്ഷം വികസിപ്പിക്കുന്നതിന് വേണ്ട പ്രധാനപ്പെട്ട നടപടികൾ കൈക്കൊണ്ടു വരികയാണെന്ന് കിരീടാവകാശി പറഞ്ഞു.

Related News