പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കരാറുകൾ അനുവദിക്കില്ല; സൗദി അറേബ്യ

  • 17/02/2021



റിയാദ്: വിദേശ കമ്പനികൾക്ക് സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കരാറുകൾ അനുവദിക്കുന്നത് നിർത്തിവെക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. 2024 ജനുവരി ഒന്നു മുതൽ രാജ്യത്തിന് പുറത്ത് മേഖലാ ആസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് നിയമം ബാധകമാകുക. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക ചോർച്ചക്ക് തടയിടാനും ധനവിനിയോഗ കാര്യക്ഷമത ഉയർത്താനുമാണ് പദ്ധതി. 

രാജ്യത്തിന് പുറത്തു പ്രവർത്തിക്കുന്ന വിദേശ കമ്പനികൾക്ക് സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കരാറുകൾ അനുവദിക്കുന്നത് നിർത്തിവെക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഈ വർഷം പ്രഖ്യാപിക്കുമെന്ന് ഉത്തരവാദപ്പെട്ടവർ പറഞ്ഞു. ഈ നടപടി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വിജ്ഞാനം സ്വദേശിവത്കരിക്കാനുമുള്ള സർക്കാർ താൽപര്യമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.

പ്രാദേശിക ഉള്ളടക്കത്തിന്റെ വികസനത്തിനും കൂടുതൽ വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കാനും പുതിയ തീരുമാനം സഹായകമാകുമെന്നും നിക്ഷേപ മന്ത്രി പറഞ്ഞു. പുതിയ തീരുമാനം സർക്കാർ കരാറുകൾക്ക് മാത്രമാണ് ബാധകമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ചില മേഖലകളെ പുതിയ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും വിശദാംശങ്ങളും ഈ വർഷാവസാനത്തിനു മുമ്പായി പരസ്യപ്പെടുത്തും. 

ഏതെങ്കിലും കമ്പനി തങ്ങളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റാൻ വിസമ്മതിക്കുന്ന പക്ഷം സൗദിയിൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആ കമ്പനിക്ക് സ്വാതന്ത്ര്യമുണ്ടാകും. എന്നാൽ സർക്കാർ കരാറുകൾ നേടാൻ ആഗ്രഹിക്കുന്ന വിദേശ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ മേഖലാ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റേണ്ടിവരും. മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് സൗദിയിലേത്. എന്നാൽ സൗദി അറേബ്യയിൽ വിദേശ കമ്പനികളുടെ മേഖലാ ആസ്ഥാനങ്ങളുടെ പങ്ക് തുലോം കുറവാണ്. നിലവിൽ ഇത് അഞ്ചു ശതമാനത്തിലും താഴെയാണ്. സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. 

Related News