പ്രവാസികൾക്ക് 72 മണിക്കൂറിനുള്ളിൽ ഇരട്ട ടെസ്റ്റുകൾ; കേന്ദ്ര സർക്കാർ നിബന്ധന അംഗീകരിക്കാനാവില്ല: നവോദയ ജിദ്ദ

  • 24/02/2021

ജിദ്ദ: ഇന്ത്യയിലേക്ക് എത്തുന്ന ‌പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.റ്റി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ. 

ഏകദേശം 5000 ഇന്ത്യൻ രൂപയോളം ചിലവഴിച്ചു വേണം ഗൾഫ് രാജ്യങ്ങളിൽ ടെസ്റ്റ്‌ നടത്താൻ. പ്രസ്തുത സർട്ടിഫിക്കറ്റുമായി വരുന്നവർ നാട്ടിൽ 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു ടെസ്റ്റ്‌ ചെയ്യണം എന്നത് നീതീകരിക്കാനാവുന്നതല്ല. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ അടക്കം ഈ വലിയ തുക കണ്ടെത്തേണ്ട ദുരവസ്ഥയിലാണ് ഇപ്പോൾ. ഇത് പ്രവാസികളോടുള്ള വെല്ലുവിളിയാണ്. 

ഒന്നുകിൽ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലെ സാധാരണ കോവിഡ് ടെസ്റ്റ് ഫലങ്ങൾ അംഗീകരിക്കാൻ ഇന്ത്യൻ ഭരണകൂടം തയ്യാറായി നാട്ടിലെ ടെസ്റ്റുകൾ ഒഴിവാക്കണം. അതല്ലെങ്കിൽ യാത്രക്കാർ പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള ടെസ്റ്റ് നിബന്ധന ഒഴിവാക്കി നാട്ടിലെത്തുമ്പോൾ മാത്രം ടെസ്റ്റ് നടത്തിയാൽ മതി എന്ന് വെക്കണം. 

തുടർച്ചയായി 72 മണിക്കൂറിനുള്ളിൽ ഇരട്ട ടെസ്റ്റുകൾ എന്ന അമിത ഭാരം പ്രവാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നടപടിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് നവോദയ ജിദ്ദ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

Related News