സൗദിയിൽ ബാർബർ ഷോപ്പുകളിൽ മുൻകൂട്ടി ബുക്ക് ചെയ്തായിരിക്കണം; കർശന നിർദേശവുമായി മന്ത്രാലയം

  • 08/03/2021

റിയാദ്: സൗദി അറേബ്യയിലെ സലൂണുകളിൽ പുതിയ പ്രോട്ടോകോൾ ഏർപെടുത്തി സൗദി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രണം നിലവിൽ വന്നതായും കർശന നിരീക്ഷണം ഏർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.

മുൻകൂട്ടി ബുക്ക് ചെയ്തായിരിക്കണം ബാർബർ ഷോപ്പുകളിൽ ഉപയോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിക്കേണ്ടത്. ബാർബർ ഷോപ്പുകളിൽ ഉപയോക്താക്കൾ കാത്തിരിക്കുന്നതിന് വിലക്കുണ്ട്. ആളുകളുടെ ആരോഗ്യനില ഉറപ്പുവരുത്താൻ 'തവക്കൽനാ' ആപ്പ് ഉപയോഗിക്കണം. മുടി വെട്ടാനും താടി വടിക്കാനും വെട്ടാനും മാത്രമാണ് അനുമതിയുള്ളത്.

ചർമ ശുചീകരണം, മുഖം മിനുസമാക്കുന്നതിന് നൂൽ ഉപയോഗിച്ച്‌ രോമം പിഴുതു കളയൽ, ഹെയർ ഡൈ അടക്കമുള്ള സേവനങ്ങൾക്ക് വിലക്കുണ്ട്. കുട്ടികൾക്കുള്ള സലൂണുകളിൽ ഏഴു വയസ്സിൽ കുറവ് പ്രായമുള്ള കുട്ടികളുടെ മുടി വെട്ടാനും അനുമതിയുണ്ട്. മൊറോക്കൊൻ സ്പാ സേവനം നൽകാനും അനുമതിയുണ്ട്.

ഓരോ തവണ ഉപയോഗിച്ച ശേഷവും സ്പാ അണുവിമുക്തമാക്കുകയും മറ്റു ആരോഗ്യ വ്യവസ്ഥകൾ പാലിക്കുകയും വേണം. മസ്സാജ് സേവനം നൽകാനും അനുമതിയുണ്ട്.എന്നാൽ, മസ്സാജ് സേവനവുമായി ബന്ധപ്പെട്ട പ്രോട്ടോകോളിലെ മാർഗനിർദേശങ്ങൾ പിന്തുടരണമെന്നും കർശന നിരീക്ഷണം ഏർപ്പെടുത്തിയതായും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പറഞ്ഞു.

Related News