പ്രവാസികൾക്ക് ഇനിമുതൽ 'ഡിജിറ്റൽ ഇഖാമ’

  • 15/03/2021

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ ‘ഡിജിറ്റൽ ഇഖാമ’ സേവനം പ്രാബല്യത്തിൽ. ഞായറാഴ്‍ച മുതൽ വിദേശി തൊഴിലാളികളുടെ ഇഖാമ (റെസിഡസ് പെർമിറ്റ്) ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കി തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിദേശികൾക്ക് സുഗമമായി മന്ത്രാലയ സേവനം ലഭ്യമാകുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുമെന്ന് ജനറൽ ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു.

ഡിജിറ്റൽ ഇഖാമയിൽ പ്രിന്റ് ചെയ്തിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്താൽ വിദേശി തൊഴിലാളികളെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാകും. അബ്ഷിർ വഴി ഡൗൺലോഡ് ചെയ്താൽ ഇൻറർനെറ്റില്ലാതെയും ഈ ഇഖാമ ഉപയോഗിക്കാം. ഇഖാമയുടെ ഒറിജിനൽ കോപ്പി കൈവശമില്ലെങ്കിൽ പോലും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ഡിജിറ്റൽ ഇഖാമ കാണിച്ചാൽ മതിയാകും. 

ആൻഡ്രോയ്ഡ്/ആപ്പിൾ ഫോണുകളിൽ അബ്ഷിർ ഇൻഡിവ്ജ്വൽസ് ആപ്പ് ഡൗൺലോഡ് ചെയ്‍ത് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ലോഗിൻ ചെയ്യുക. തുടർന്ന് മൈ സർവീസ് സെലക്ട് ചെയ്തതിന് ശേഷം ഡിജിറ്റൽ ഇഖാമ ഡൗൺലോഡ് ചെയ്യാം. തുടർന്ന് പേജിന്റെ താഴെ ഡൗൺലോഡ് ചെയ്ത റെസിഡന്റ് ഐ.ഡിയിൽ ക്ലിക്ക് ചെയ്ത് ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാം. 

ഈയിടെ സ്വദേശികൾക്ക് ജവാസാത് ഡയറക്ടറേറ്റ് ഡിജിറ്റൽ ഐ.ഡി കാർഡ് ലഭ്യമാക്കിയിരുന്നു. ഡിജിറ്റൽ ഐ.ഡി എന്ന പേരിലുള്ള ഈ സേവനം വഴി സൗദി പൗരന്മാർക്കും തിരിച്ചറിയൽ കാർഡ് കൊണ്ടുനടക്കേണ്ട സാഹചര്യം ഒഴിവാക്കിയിരുന്നു. ഫലപ്രദമായും കാര്യക്ഷമവുമായ രീതിയിൽ വിവിധ ഗവൺമെന്റ് വകുപ്പുകൾക്കിടയിൽ പ്രവർത്തിക്കുന്നതിനായി ഓൺലൈൻ സേവനമായ അബ്ഷിർ കൂടുതൽ മെച്ചപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News