തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാത്ത വിദേശികൾക്കു ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്ന് സൗദി

  • 16/03/2021

റിയാദ്: ‌തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാത്ത വിദേശികൾക്കു ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്ന് സൗദി. ഞായറാഴ്ച മുതൽ നിലവിൽ വന്ന പുതിയ തൊഴിൽ നിയമഭേദഗതി അനുസരിച്ചാണ് നടപടി. 

വിദേശ തൊഴിലാളികൾ ഓൺലൈൻ വഴി നൽകുന്ന റീ-എൻട്രി അപേക്ഷകൾ പത്തു ദിവസത്തിനകം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ വഴി റദ്ദാക്കാൻ സാധിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. റീ-എൻട്രി വിസയുടെ കാലാവധി 30 ദിവസമാണ്. ഇഷ്യു ചെയ്യുന്ന തീയതി മുതലാണ് ഈ കാലാവധി കണക്കാക്കുക. വിസ ലഭിച്ച്‌ 30 ദിവസത്തിനകം വിദേശികൾ രാജ്യം വിട്ടിരിക്കണം. വിദേശികൾ റീ-എൻട്രി വിസക്ക് അപേക്ഷ നൽകിയാൽ അതേ കുറിച്ച്‌ തൊഴിലുടമകളെ എസ്.എം.എസ്സിലൂടെ അറിയിക്കും

നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ എൻട്രി, ഇഖാമ, തൊഴിൽ കരാർ കാലാവധി തീർന്നിരിക്കുകയാണ്. കൊറോണ മൂലം ഏർപ്പെടുത്തിയ യാത്രാ വിലക്കുള്ളതിനാൽ സൗദിയിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാൻ ഇവർക്കു സാധിച്ചിട്ടുമില്ല. ഇവരുടെ തൊഴിൽകരാർ കാലാവധി അവസാനിച്ചാൽ റീ എൻട്രി വീസ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

പുതിയ ചട്ടങ്ങൾ പ്രകാരം വിദേശികൾക്ക് സ്വന്തം നിലയിൽ തന്നെ റീ-എൻട്രി നേടാൻ സാധിക്കുന്നതോടെ റീ-എൻട്രി വിസ ഇഷ്യു ചെയ്യാനുള്ള തൊഴിലുടമകൾക്കുള്ള അവസരവും നിലനിൽക്കും. എന്നാൽ തൊഴിലാളികൾ നേടുന്ന റീ-എൻട്രി റദ്ദാക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടാകില്ല. ഡിജിറ്റൈസ് ചെയ്ത തൊഴിൽ കരാർ കാലാവധി അവസാനിച്ചാൽ റീ-എൻട്രി വിസ ഇഷ്യു ചെയ്യാൻ സാധിക്കില്ല.

തങ്ങളുടെ ആശ്രിതർക്ക് റീ-എൻട്രി വിസക്ക് അപേക്ഷിക്കാൻ വിദേശികൾക്ക് കഴിയും. റീ-എൻട്രി വിസ ദീർഘിപ്പിക്കാൻ വിദേശികൾക്ക് കഴിയില്ല. എന്നാൽ വിദേശികൾ സ്വന്തം നിലയിൽ നേടിയ റീ-എൻട്രി ദീർഘിപ്പിക്കാൻ തൊഴിലുടമകൾക്ക് കഴിയുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

Related News