സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികളുടെ വ്യോമാക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന

  • 20/03/2021

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് വ്യോമാക്രമണ ശ്രമമുണ്ടായതായി അറബ് സഖ്യസേന. യെമനിൽ നിന്ന് ഹുതികൾ വിക്ഷേപിച്ച സ്‍ഫോടക വസ്‍തുക്കൾ നിറച്ച ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകർത്തതായി അൽ അറബിയ ടെലിവിഷൻ റിപ്പോർട്ട് ചെയ്‍തു. ശനിയാഴ്ചയാണ് ആക്രമണം ഉണ്ടായത്.

ഭീകരാക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അറബ് സഖ്യസേന അറിയിച്ചു. അതേസമയം സൗദി അറേബ്യയിലെ റിയാദിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും കഴിഞ്ഞ ദിവസം ഹൂതികളുടെ ഡ്രോൺ ആക്രമണമുണ്ടായി. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് നടന്ന ആക്രമണത്തെ തുടർന്ന് തീപ്പിടുത്തമുണ്ടായെങ്കിലും ഉടൻ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കുകളോ മരണമോ ഉണ്ടായിട്ടില്ല. ആക്രമണം പെട്രോളിയം വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഊർജ്ജ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ റാസ് തനൂറ റിഫൈനറിക്കും സൗദി അരാംകോ താമസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഹൂതികൾ ഭീകരാക്രമണം നടത്തിയിരുന്നു. ഭീരുത്വം നിറഞ്ഞ ആക്രമണത്തെ രാജ്യം ശക്തമായി അപലിക്കുന്നെന്നും ഇത്തരം തീവ്രവാദ അട്ടിമറി ആക്രമണങ്ങൾക്കെതിരെ നിലകൊള്ളാനും അത് നടപ്പാക്കുന്നവരെ നേരിടാനും ലോകരാജ്യങ്ങളോടും സംഘടനകളോടും വീണ്ടും ആവശ്യപ്പെടുന്നെന്നും ഊർജ്ജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. അതേസമയം ഹൂതി ആക്രമണത്തെ ബഹ്‌റൈൻ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളും ഗൾഫ് കോഓപ്പറേഷൻ കൗൺസിലും അപലപിച്ചു. 

Related News