സ്പോൺസറുടെ അനുമതിയില്ലാതെ നാട്ടിൽ പോകാം.. ചരിത്ര നീക്കവുമായി സൗദി ഭരണകൂടം

  • 04/11/2020

പ്രവാസികൾക്ക് ആശ്വാസമായി  തൊഴില്‍ നിയമത്തില്‍ ചരിത്രപരമായ പരിഷ്‌കാരങ്ങളുമായി സൗദി ഭരണകൂടം. തൊഴിലാളികൾക്ക് സ്വതന്ത്രമായി തൊഴിൽ മേഖലകൾ മാറുവാൻ സാധിക്കുന്നതുൾപ്പെടയുള്ള പരിഷ്‌കാരണങ്ങൾക്കാണ് മന്ത്രാലയം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.  സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെതാണ് പുതിയ  പ്രഖ്യാപനം. തൊഴില്‍ കരാര്‍ അവസാനിക്കുന്ന പശ്ചാത്തലത്തിൽ തൊഴിലെടുക്കുന്ന സ്ഥാപനത്തില്‍ നിന്ന് പ്രവാസി തൊഴിലാളികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം പുതിയ പരിഷ്കരണം നൽകുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ റീഎന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് വിസ എന്നീ മൂന്നു പ്രധാന സേവനങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഈ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ള സ്‌പോണ്‍സറുമായി ഒരു തൊഴില്‍ കരാറിന്റെ മാത്രം ബന്ധമാകും തൊഴിലാളികള്‍ക്ക് ഉണ്ടാവുകയെന്നാണ് നി​ഗമനം. 

സൗദിയിലെ ലക്ഷക്കണക്കിന്ന് വരുന്ന പ്രവാസികള്‍ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനമാണിത്. തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനങ്ങൾ ഉൾകൊള്ളുന്ന പുതിയ തൊഴിൽ രംഗത്തെ പരിഷ്കരണങ്ങൾ അടുത്ത വര്ഷം മാർച്ചോടെ പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി ഡെപ്യൂട്ടി മന്ത്രി അബ്ദുല്ലാഹ് ബിൻ നാസർ അബൂതനൈൻ. തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളാണ് മന്ത്രാലയങ്ങള്‍ സ്വീകരിക്കുന്നതെന്ന് തൊഴില്‍ മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍ റാജ്ഹിയും വ്യക്തമാക്കിയിട്ടുണ്ട്. 

സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ സ്വതന്ത്രമായി രാജ്യത്തിന് പുറത്ത് പോകാനുള്ള അനുമതിയാണ് റീ എന്‍ട്രിയില്‍ വരുത്തിയ പരിഷ്‌ക്കാരം. ഇങ്ങനെ രാജ്യം വിടുന്നതിനു വേണ്ടി വിദേശ തൊഴിലാളികള്‍ റീ-എന്‍ട്രിക്ക് അപേക്ഷിക്കുമ്പോള്‍ ഇലക്‌ട്രോണിക് സംവിധാനം മുഖേന തൊഴിലുടമക്ക് അറിയിപ്പ് ലഭിക്കും. യു എ ഇ യെ പോലെ വിദേശികള്‍ക്ക് പാസ്‌പോര്‍ട്ടുമായി നേരിട്ട് എയര്‍ പോര്‍ട്ടിലെത്തി സ്വദേശങ്ങളിലേക്ക് പോകാന്‍ ഇതുമൂലം അവസരമുണ്ടാകുമെന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത.

Related News