സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശക്കാലത്ത് അടച്ച അതിർത്തി തുറന്നു

  • 20/11/2020

മൂന്ന് പതിറ്റാണ്ടിന്  ശേഷം സൗദി-ഇറാഖ് അതിർത്തി വീണ്ടും തുറന്നു. 1990ലെ സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശക്കാലത്ത് അടച്ച അറാർ അതിർത്തിയാണ് സൗദി അറേബ്യ തുറന്നത്. അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളും ബന്ധമവസാനിപ്പിച്ചതോടെയാണ് അതിർത്തി അടച്ചത്. മേഖലയിൽ ഇറാന്റെ സ്വാധീനം കുറയ്ക്കാൻ വേണ്ടിയാണ് സൗദി അതിർത്തി തുറന്നതെന്നാണ് റിപ്പോർട്ട്.

സൗദിയുടെ വടക്കൻ മേഖലയിലുള്ള അറാർ-ജദീദ അതിർത്തി തുറക്കുന്നതിൽ വ്യാപാര ബന്ധവും നയതന്ത്ര നീക്കങ്ങളും ഇരു രാജ്യങ്ങളും ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്. ഇറാനുമായി 1559 കി.മീ അതിരു പങ്കിടുന്ന രാജ്യം കൂടിയാണ് ഇറാഖ്. മേഖലയിൽ ഇറാന്റെ സ്വാധീനം കുറയ്ക്കാൻ ഇറാഖുമായുള്ള ബന്ധം നിർണായകമാകുമെന്നതിൽ സംശയമില്ല. ഒപ്പം കഴിഞ്ഞ ദിവസം സൗദി കിരീടാവകാശിയും ഇറാഖ് ഭരണാധികാരിയും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറാർ അതിർത്തി തുറക്കുന്നത്. ഇറാഖ് ആഭ്യന്തരമന്ത്രി ഒത്മാൻ അൽ ഗാനിമി സൗദി വടക്കൻ അതിർത്തി മേഖല അമീർ പ്രിൻസ് ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ എന്നിവർ ഇതിൽ സന്നിഹിതരായിരുന്നു. 2017 ൽ ഈ അതിർത്തി തുറക്കാനുള്ള ശ്രമമുണ്ടായെങ്കിലും അത് നടന്നിരുന്നില്ല.

Related News