കുപ്പിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ശക്തമായ നടപടിയുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

  • 30/03/2021



റിയാദ്: സൗദി അറേബ്യയിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ശക്തമായ നടപടിയുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. രാജ്യത്തെ മുഴുവൻ ബോട്ട്‌ലിങ് പ്ലാന്റുകളും നിരന്തരം പരിശോധനക്ക് വിധേയമാക്കാൻ തീരുമാനം. ഉൽപന്നങ്ങളുടെ സാമ്പിളുകളെടുത്ത് ലാബോറട്ടറി പരിശോധനകൾ നടത്തും.

വെള്ളത്തിന്റെ ശുദ്ധത, അതിന്റെ ആന്തരിക ഘടന, ജലസ്രോതസ്സുകൾ, ഉൽപന്ന രജിസ്‌ട്രേഷൻ, ഫാക്ടറിയുടെ പേര്, ഉൽപാദന തീയതി, വിവിധ സാങ്കേതിക നിയമ പാലനം, ഗതാഗത, സംഭരണ ചട്ടങ്ങളുടെ പാലനം തുടങ്ങിയവ പരിശോധിച്ച് എല്ലാം നിയമാനുസൃതമാണോ എന്ന് ഉറപ്പുവരുന്നാണ് നിരന്തരമുള്ള പരിശോധന. വിപണിയിൽ നിരവധി കുപ്പിവെള്ള കമ്പനികളുണ്ട്. എന്നാൽ ഏത് കമ്പനിയുടേതാണ് മികച്ചതെന്ന് അവകാശപ്പെടാൻ കമ്പനികളെ അനുവദിക്കില്ലെന്നും മേൽപ്പറഞ്ഞ നിബന്ധനകളെല്ലാം പാലിക്കുകയും വെള്ളത്തിലുണ്ടാവേണ്ട പ്രകൃതിദത്ത ധാതുക്കൾ ഉണ്ടാവുകയും ചെയ്താൽ എല്ലാ കുപ്പിവെള്ളവും മികച്ചതാകുമെന്നും അതോറിറ്റി വ്യക്തമാക്കി.

കുപ്പിവെള്ള ഉൽപന്നങ്ങളുടെ കാലാവധി 12 മാസമാണ്. അതിൽ കൂടുതൽ സൂക്ഷിക്കരുത്. ഗുണനിലവാരത്തിൽ മാറ്റമുണ്ടാകാതിരിക്കാൻ അതാവശ്യമാണ്. വിഷ പദാർഥങ്ങൾ അല്ലെങ്കിൽ ദോഷകരമായ വസ്തുക്കൾ എന്നിവക്കടുത്തും ദുർഗന്ധവും വായുസഞ്ചാരവുമില്ലാത്ത സ്ഥലങ്ങളിലും കുപ്പിവെള്ളം സൂക്ഷിക്കരുത്. കടുത്ത ചൂടിനും കാലാവസ്ഥ വ്യതിയാനത്തിനും വിധേയമാകാതിരിക്കാനും ശ്രദ്ധിക്കണം. ബോട്ടിലുകൾ മലിനമുണ്ടാകുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കരുത്.

Related News