ലോക് ഡൗൺ രണ്ടാഴ്ച പിന്നിടുന്നതിനെക്കുറിച്ചും, ഭാവിനടപടികളെപ്പറ്റിയും ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ പ്രസ്താവന താഴെച്ചേർക്കുന്നു:
" മാർച്ച് 25 നു പ്രഖ്യാപിച്ച ദേശീയ ലോക് ഡൗൺ പ്രാബല്യത്തിലായിട്ട് ഇന്ന് രണ്ടാഴ്ച പിന്നിടുകയാണ്. കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്ന ഈ സാഹചര്യത്തിൽ, ഇതുമായി ബന്ധപ്പെട്ട എന്റെ ആശയങ്ങളും, ആശങ്കകളും, രാജ്യത്തെ ജനങ്ങളുമായും, രാഷ്ട്രീയനേതൃത്വവുമായും സംവദിക്കുന്നത് ഉചിതമെന്ന് എനിക്ക് തോന്നുന്നു.
ഈ ലോക് ഡൗണിൽ നിന്നും പുറത്തുകടക്കാനുള്ള നടപടികളെപ്പറ്റി, പ്രധാനമന്ത്രിയും, മുഖ്യമന്ത്രിമാരും അടങ്ങുന്ന നേതൃത്വം ചർച്ചകൾ ആരംഭിച്ചു എന്നറിയുന്നതിൽ ഞാൻ സന്തുഷ്ടനാണ് . രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ, മാരകമായ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ, ഏറ്റവും ഉത്തമവും, പ്രായോഗികവുമായ പരിഹാരങ്ങളുമായി അവർ എത്തുമെന്നും എനിക്ക് ഉറപ്പാണ്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും, സമ്പത് വ്യവസ്ഥയുടെ സന്തുലനവും പരിഗണിച്ചാൽ, ആദ്യത്തേതിനു പരിഗണന തീർച്ചയായും കിട്ടും. എന്റെ അഭിപ്രായത്തിൽ, സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അല്പം കൂടി കാത്തിരിക്കാൻ സാധിക്കും, എന്നാൽ ആരോഗ്യമേഖലയിലെ ആശങ്കകൾ അതുപോലെയല്ല.
നേതൃത്വമെടുക്കുന്ന ഏത് തീരുമാനത്തോടും ചേർന്ന് പോകണമെന്ന് ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഈ മാസം 14 നു ശേഷവും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പോലും, ഇതുവരെ പ്രകടിപിച്ച അതെ പ്രസരിപ്പോടു കൂടി തന്നെ ഈ മഹാമാരിക്കെതിരായ ദേശീയ പോരാട്ടത്തിൽ നമുക്ക് സഹകരിക്കാം. സമൂഹത്തിലെ പാവപ്പെട്ടവർക്കും, നിരാലംബർക്കുമായി അവശ്യസാധനങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാനും, അവർക്ക് ആവശ്യമായ ആശ്വാസവും പിന്തുണയും നൽകാനും ഭരണകൂടങ്ങൾ ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ലോക് ഡൗൺ കാലയളവിൽ ഇനി ശേഷിക്കുന്ന ഒരാഴ്ച അതില്‍ നിന്നും പുറത്തുകടക്കാനുള്ള നയരൂപീകരണത്തിനും ഏറെ നിർണായകമാണ്. ഇക്കാലയളവിലെ വൈറസിന്റെ വ്യാപനവും, തോതും സംബന്ധിച്ച വിവരങ്ങളാവും നമ്മുടെ ഭാവി തീരുമാനങ്ങളെ ഏറെ സ്വാധീനിക്കുക.
പൊതുനന്മ ലക്ഷ്യമാക്കി, ആത്‌മീയ തത്വങ്ങൾ മുറുകെ പിടിച്ച്, കോവിഡ് വെല്ലുവിളികൾക്കെതിരെ, ഒരുമിച്ച് പോരാടാനുള്ള ദൃഢനിശ്ചയം, രാജ്യത്തെ ജനങ്ങൾ ഇതുവരെ കാണിക്കുകയുണ്ടായി. സ്വന്തം താത്പര്യങ്ങൾ ത്യജിച്ചുകൊണ്ട്, മാനവികതയുടെ സാർവത്രിക തത്വങ്ങൾക്ക് വിധേയമായി പൊതു നന്മ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതിനെയാണ് ആത്‌മീയത എന്ന പറയുന്നത്. ഭാരതീയ ദർശനങ്ങളുടെ കേന്ദ്രബിന്ദുവും ഈ ചിന്ത തന്നെയാണ്. മാർച്ച് 22 നു നടന്ന ജനത കർഫ്യൂവിലും , അതിനു ശേഷമുള്ള ലോക് ഡൗൺ കാലയളവിലും, ഏപ്രിൽ അഞ്ചിന് ദീപം തെളിയിച്ചു മറ്റുള്ളവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. ആത്മീയത സംബന്ധിച്ച് ഭാരതീയർ പുലർത്തുന്ന ഉയർന്നമനോഭാവത്തിന്റെ ദൃഷ്ടാന്തങ്ങളാണിവ. അവരുടെ തെളിവാര്‍ന്ന പ്രസരിപ്പ് ഈ അദൃശ്യ വൈറസിനെതിരായ പോരാട്ടത്തിൽ നമ്മെ വിജയത്തിൽ എത്തിക്കുമെന്നും എനിക്ക് ഉറപ്പാണ് രാജ്യത്തെ ജനങ്ങളെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണ്.
കൊറോണ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടുന്നതിനുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങൾ വിജയം കാണുന്നതിനിടെയാണ്
തബ്‌ലീഗി ജമാഅത് സമ്മേളന സംഭവം. രാജ്യത്ത് കൂടുതൽ വൈറസ് ബാധകൾക്ക് ഇത് കാരണമായി തീർന്നു. ഈ സമ്മേളനത്തിലെ ഉയർന്ന ജനപങ്കാളിത്തവും,അതെ തുടർന്ന് ഉണ്ടായ അതിവേഗത്തിലുള്ള രോഗവ്യാപനവും നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കുകയും ചെയ്തു. വൈറസ് വ്യാപനം തടയുന്നതിനായി, സാമൂഹിക-ശാരീരിക അകലം പാലിക്കുന്നത് സംബന്ധിച്ച് രൂപം നൽകിയിരിക്കുന്ന നിയമങ്ങളിലും, നിർദേശങ്ങളിലും വീഴ്ച വരുത്തിയാൽ ഉണ്ടാവാനിടയുള്ള പ്രത്യാഘാതങ്ങൾ എന്തെന്ന് ഈ സംഭവം തെളിയിക്കുന്നു. ആ അർഥത്തിൽ നോക്കുകയാണെങ്കിൽ, ഒഴിവാക്കാമായിരുന്ന ഈ സംഭവത്തെ മറ്റുളവർക്കുള്ള ഒരു മുന്നറിയിപ്പായി കാണേണ്ടതാണ്.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പല വികസിത രാജ്യങ്ങളും ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ഈ ദുരന്തത്തിൽ നിന്നും ആഗോള സമൂഹം ഏറെ പഠിക്കേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ കാര്യക്ഷമത, അടിസ്ഥാനസൗകര്യങ്ങൾ, വിവരകൈമാറ്റം , ആന്തരിക സഹകരണം, വ്യക്തിപരമായ പ്രവൃത്തികള്‍ എന്നിവയിൽ ഇത്തവണ വന്നുപോയ പോരായ്മകൾ തിരുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ, സമീപഭാവിയിൽ ഉണ്ടാവാനിടയുള്ള സമാന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ നമുക്ക് സാധിക്കൂ
കൊറോണ വൈറസിനെതിരായ ഈ പോരാട്ടം എത്ര നാൾ നീണ്ടു നിൽക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷെ അന്തിമവിജയം, അത് നമ്മുടേതായിരിക്കും. ഒരു ശോഭനമായ ഭാവിക്കായി ഈ ബുദ്ധിമുട്ടുകളോട് സമരസപ്പെട്ടുകൊണ്ട് അല്പകാലം കൂടി നമുക്ക് ജീവിക്കാം. "
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?