കുവൈറ്റിൽ കർഫ്യു പരിഗണനയിൽ ഇല്ല; ഹോട്ട്സ്പോട്ടുകളിലെ പ്രവാസികൾക്ക് വാക്‌സിനേഷന് മുൻഗണന.

  • 13/07/2021

കുവൈറ്റ് സിറ്റി : കൊറോണ വൈറസ്‌  പുതിയ വകഭേദങ്ങളും അസ്ഥിരമായ കാലാവസ്ഥയും കോവിഡ് കേസുകള്‍ ഉയരുവാന്‍ കാരണമാകുന്നതായി കൊറോണ സുപ്രീം ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല അഭിപ്രായപ്പെട്ടു. രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടവരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിക്കാത്തവരാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊറോണക്കെതിരെയുള്ള പ്രതിരോധ മാര്‍ഗ്ഗം വാക്സിനേഷന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗമാണ്  കൊവിഡിന്‍റെ വകഭേദങ്ങള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നതെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും,കോവിഡ്  സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡോ. ഖാലിദ് ആവശ്യപ്പെട്ടു.

അതോടൊപ്പം രാജ്യത്തെ കോവിഡ് രോഗികളിൽ 60 ശതമാനവും വിദേശികളാണ്,  ഈ സാഹചര്യത്തിലാണ്  കുവൈത്തിലെ ഉയർന്ന ജനസംഖ്യയുള്ള പ്രദേശങ്ങളിലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകളിലെ പ്രവാസികൾക്ക് വാക്‌സിനേഷൻ നൽകാൻ അധികൃതർ തയ്യാറാകുന്നത്.  പ്രവാസികൾക്ക് വാക്സിനേഷൻ നൽകുന്നതിന് മുൻഗണന നൽകുമെന്നും ഡോ. ഖാലിദ് അൽ ജറല്ല പറഞ്ഞു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള കർഫ്യൂ അല്ലെങ്കിൽ ലോക്ക്ഡൗൺ ചുമത്താനുള്ള പദ്ധതിയല്ലെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു.

Related News