ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട്: ജനകീയ സമരവുമായി പ്രതിപക്ഷം

  • 11/11/2021


തിരുവനന്തപുരം: ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ ജനകീയ സമരത്തിന് യുഡിഎഫ്. കേന്ദ്ര സർക്കാർ നാമമാത്രമായാണ് നികുതി കുറച്ചതെങ്കിലും അതിന് ആനുപാതികമായി മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളവും നികുതി കുറക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. 

ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന കേരളം, നികുതി കുറക്കാൻ തയ്യാറാകുന്നില്ല. ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അധിക വരുമാണ് സംസ്ഥാന സർക്കാർ ഇതിലൂടെ നേടുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നികുതി കുറക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ പിടി വാശി അവസാനിപ്പിക്കണം. അതല്ലെങ്കിൽ ജനകീയ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

ഇന്ധന നികുതിയിൽ കോൺഗ്രസ് അടിയന്തരപ്രമേത്തിന് അനുമതി തേടിയെങ്കിലും സ്പീക്കർ നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. കോൺഗ്രസ് എംഎൽഎ കെ ബാബുവാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ജനങ്ങൾ പ്രതിസന്ധിയിലാണെന്നും  നികുതി കുറക്കില്ലെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബാബു സഭയിൽ പറഞ്ഞു. നികുതി കൂട്ടുന്ന കാര്യത്തിൽ കേന്ദ്രവും കേരളവും ചേട്ടൻ ബാവ അനിയൻ ബാവ എന്ന പോലെയാണ്. ആകാശം ഇടിഞ്ഞു വീണാലും മിണ്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ബാബു വിമര്‍ശിച്ചു. 

എന്നാൽ മറുപടി നൽകിയ ധനമന്ത്രി ബാലഗോപാൽ മുൻ കോൺഗ്രസ് സർക്കാരുകളെയാണ് വിമർശിച്ചത്. ഇന്ധന വില നിയന്ത്രണം കമ്പനികൾക്ക് വിട്ട് കൊടുത്തത് യുപിഎ സർക്കാരാണെന്നും ഉമ്മൻ ചാണ്ടി സർക്കാർ 13 തവണ നികുതി കൂട്ടിയെന്നും ബാലഗോപാൽ വിമർശിച്ചു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടുകയാണ് ചെയ്തത്. രാജസ്ഥാനിൽ കൊവിസ് കാലത്ത് 4 ശതമാനം നികുതി കൂട്ടി. അപ്പോഴും കേരളം നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നികുതി കുറയ്ക്കാന്‍ കാളവണ്ടിയുമായി ഡെൽഹിയിലേക്ക് പോകണമെന്ന് ധനമന്ത്രി കോൺഗ്രസിനെ പരിഹാസിച്ചു.

ഇന്ധന വില വർധനവിൽ വേറിട്ട പ്രതിഷേധവുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടിയാണ് സഭയിലെത്തിയത്. പാളയത്തെ എംഎൽഎ ഹോസ്റ്റലിൽ നിന്നും തുടങ്ങിയ പ്രതിഷേധ സൈക്കിൾ യാത്ര നിയമസഭ വരെ നീണ്ടു. കോൺഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിൾ മാർച്ചിൽ പങ്കെടുത്തു.

Related News