ഇന്ധനനികുതിയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പിന്തുണച്ച് പി ചിദംബരം

  • 13/11/2021

ഇന്ധന നികുതി വിഷയത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പെട്രോള്‍, ഡീസല്‍ വില ഇനത്തില്‍ സമാഹരിച്ച നികുതിയുടെ കണക്ക് കേരള ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ തെറ്റുണ്ടെങ്കില്‍ കേന്ദ്രധനമന്ത്രി അതിനുമറുപടി നല്‍കണമെന്നായിരുന്നു പി ചിദംബരത്തിന്റെ ട്വീറ്റ്.

എക്‌സൈസ് നികുതി, സെസ്, അഡീഷണല്‍ എക്‌സൈസ് നികുതി എന്നീ ഇനങ്ങളില്‍ സമാഹരിച്ചത് 3,72,000 കോടി രൂപയാണ്. ഇതില്‍ നിന്ന് 18000 രൂപ മാത്രമാണ് അടിസ്ഥാന എക്‌സൈസ് നികുതി. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുടെ വിഹിതമായി നല്‍കിയിട്ടുള്ളത്. ബാക്കി തുകയായ 3,54,000 കോടി രൂപ ലഭിക്കുന്നത് കേന്ദ്രത്തിനാണ്. ഇതാണ് മോദി സര്‍ക്കാരിന്റെ കോര്‍പറേറ്റീവ് ഫെഡറലിസം’. പി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രനികുതി കുറച്ചതിന് ആനുപാതികമായ കുറവ് സംസ്ഥാനത്തുണ്ടായെന്നും നികുതി കുറയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് നിലവില്‍ അധിക സാമ്പത്തിക ബാധ്യതയാണുള്ളത്. കഴിഞ്ഞ ആറുവര്‍ഷമായി കേരളം നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒരു വര്‍ഷം നികുതി കുറയ്ക്കുകയും ചെയ്തു. കേന്ദ്രം നിലവില്‍ കുറച്ചെന്നുപറയുന്ന എക്സൈസ് തീരുവ തുച്ഛമായ തുക മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു.


Related News