പൊലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഇന്‍റലിജന്‍സ് ഐ ജി

  • 31/12/2021

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയില്‍ വമ്പന്‍ അഴിച്ചുപണി. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്‍റലിജന്‍സ് ഐ.ജിയായി നിയമിച്ചു. പി. പ്രകാശിനെ ദക്ഷിണമേഖല ഐ.ജിയായും ആര്‍. നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായും നിയമിച്ചു. 

സ്‍പര്‍ജന്‍ കുമാറാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. എ വി ജോര്‍ജ് കോഴിക്കോട്‌ കമ്മീഷണറായി തുടരും. ഐ.ജി മാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ എന്നിവര്‍ക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കി. ബൽറാം കുമാ‍ർ ഉപാധ്യായയ്ക്ക് ട്രെയിനിങ് ചുമതലയുള്ള എഡിജിപിയായിട്ടാണ് പുതിയ നിയമനം. അദ്ദേഹത്തിന് പകരക്കാരനായിട്ടാണ് ഐജി ജി സ്‍പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാകുന്നത്. എഡിജിപി യോഗോഷ് ഗുപ്‍തയെ പൊലീസ് അക്കാദമി ഡയറക്ടറായി മാറ്റി നിയമിച്ചു. ‌‌‌ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐജി സ്ഥാനത്തു നിന്നാണ് ഹ‍ർഷിത അട്ടല്ലൂരിയെ ഇന്റലിജൻസ് ഐജിയായി നിയമിച്ചത്.  

ഐജി റാങ്കിലേക്ക് ഉയർത്തിയ അനൂപ് കുരുവിള ജോണിനെ ഭീകര വിരുദ്ധ സ്ക്വാഡിൽ നിയമിച്ചു. ട്രാഫിക്കിന്റെ ചുമതലയും അദ്ദേഹത്തിനാണ്. പി.പ്രകാശാണ് പുതിയ ദക്ഷിണമേഖല ഐജി ആകുന്നത്. കെ.സേതുരാമനെ പൊലീസ് അക്കാദമിയിലും കെ.പി.ഫിലിപ്പിനെ ക്രൈംബ്രാഞ്ചിലും നിയമിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനം ഐജി റാങ്കിലേക്ക് ഉയ‍ർത്തി. സ്ഥാനക്കയറ്റം ലഭിച്ച നിലവിലെ കമ്മിഷണർ എ.വി.ജോർജ് ഇവിടെ തുടരും.

അഞ്ച് എസ്‍പിമാരെ ഡിഐജി റാങ്കിലേക്ക് ഉയ‍ർത്തി. സ്ഥാനക്കയറ്റം ലഭിച്ച ആർ നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജിയാവും. സഞ്ജയ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിയമിച്ചു. രാഹുൽ ആർ നായർ കണ്ണൂർ റേഞ്ച് ഐജിയായി തുടരും. പുട്ട വിമലാദിത്യ, അജിത ബീഗം, സതീഷ് ബിനോ എന്നിവ‍ർ കേന്ദ്ര സർവീസിലേക്ക് ഡപ്യൂട്ടേഷനിൽ പ്രവേശിച്ചു.

എസ്‍പി അംഗിത് അശോകിനെ തിരുവനന്തപുരം ഡിസിപിയായി നിയമിച്ചു. വൈഭവ് സക്സേനയാണ് പുതിയ കാസർകോട് എസ്‍പി.  കണ്ണൂർ റൂറൽ എസ്‍പി ആയി പി.ബി.രാജീവിനെയും കോഴിക്കോട് ഡിസിപിയായി ആമോസ് മാമനെയും നിയമിച്ചു. സ്വപ്‍നിൽ മധുകർ മഹാജൻ പുതിയ പത്തനംതിട്ട എസ്‍പി ആകും. ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം റൂറൽ എസ്‍ പി ആയും ഐശ്വര്യ ഡോഗ്രെയെ തൃശൂർ റൂറൽ എസ്‍പിയായും നിയമിച്ചു.

വിവാദങ്ങളെത്തുടര്‍ന്ന് അടുത്തകാലത്ത് മുഖം നഷ്‍ടപ്പെട്ട പോലിസ് സേനയില്‍ ആഭ്യന്തര വകുപ്പ് അഴിച്ചുപണി നടത്തുന്നതാണ് ശ്രദ്ധേയമാകുന്നത്.  തുട‍ർച്ചയായി ​ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മീഷണറും റൂറൽ എസ്.പിയും എത്തുന്നു എന്നതും ഈ അഴിച്ചു പണിയിലെ ശ്രദ്ധേയമായ കാര്യമാണ്. 

Related News